കലാ:രാമന്‍‌കുട്ടിനായരാശാന്റെ ശതാഭിഷേകം

പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍‌കുട്ടിനായരാശാന്റെ ശതാഭിഷേകം മെയ്14,15തീയതികളിലായി ചെര്‍പ്പുളശ്ശേരി ആഷിക്ക ആഡിറ്റോറിയത്തില്‍ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. 15ന് വൈകിട്ട് 4:30ന് ശ്രീ രാജശ്രീവാര്യര്‍ ഭരതനാട്ട്യമവതരിപ്പിച്ചു. ശ്രീ കൃഷ്ണന്റെ ‘അഷ്ടപത്നിമാര്‍’ എന്ന വിഷയത്തിലുള്ള ഒരു ഇനമായിരുന്നു പ്രധാനമായി അവതരിപ്പിച്ചത്. തുടര്‍ന്ന് കലാമണ്ഡലം ലീലാമ്മയും സംഘവും മോഹിനിയാട്ടവും അവതരിപ്പിക്കുകയുണ്ടായി. ജയദേവാഷ്ടപദിയെ അധികരിച്ചുള്ള ഒരു നൃത്തമാണ് ഇവര്‍ അവതരിപ്പിച്ചത്. വൈകിട്ട് 7:30ഓടെ ശ്രീ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സമാപനസമ്മേളനം ശ്രി കാവാലം നാരായണപ്പണിക്കര്‍ ഉത്ഘാടനം ചെയ്തു.



ആഘോഷങ്ങളുടെ ഭഗമായി രണ്ടുദിവസങ്ങളിലും രാത്രി കഥകളിയും നടന്നു. 15ന്
ശ്രീ കലാമണ്ഡലം കേശവന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം ഹരിനാരായണനും
ചേര്‍ന്നവതരിപ്പിച്ച തോടയത്തോടെയാണ് കഥകളി ആരംഭിച്ചത്.


തുടര്‍ന്ന് പകുതിപുറപ്പാടും അവതരിപ്പിക്കപ്പെട്ടു. ശ്രീ കലാനിലയം ഗോപിനാഥന്‍, ശ്രീ കലാമണ്ഡലം
കുട്ടികൃഷ്ണന്‍, ശ്രീ കലാമണ്ഡലം വെങ്കിട്ടരാമന്‍, ശ്രീ കലാമണ്ഡലം ശുചീന്ദ്രന്‍ എന്നിവരാണ് പുറപ്പാടിന് വേഷമിട്ടിരുന്നത്.


ശ്രീ കലാമണ്ഡലം ഗംഗാധരനും ശ്രീ കലാമണ്ഡലം മോഹനകൃഷ്ണനും പാട്ടിലും ശ്രീ കലാമണ്ഡലം ബലരാമനും ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും ചെണ്ടയിലും ശ്രീ ചേര്‍പ്പുളശ്ശേരി ശിവനും ശ്രീ കോട്ടക്കല്‍ രവിയും മദ്ദളത്തിലും പങ്കെടുത്ത ഇരട്ടമേളപ്പദം ഹൃദ്യമായ ഒരു അനുഭവമായി.


കിര്‍മ്മീരവധമാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ട കഥ. ഇതിലെ ധര്‍മ്മപുത്രരും കൃഷ്ണനുമായുള്ള രംഗം മാത്രമാണ് അവതരിപ്പിച്ചത്.
കിര്‍മ്മീരവധം ആട്ടകഥയും അവതരണരീതിയും ഇവിടെ വായിക്കാം.
രാമന്‍‌കുട്ടിനായരാശാന്‍ ആണ് ധര്‍മ്മപുത്രരായി വേഷമിട്ടത്. കൃഷ്ണനായി ശ്രീ
കോട്ടക്കല്‍ ചന്ദ്രശേഘരവാര്യരും സുദര്‍ശ്ശനമായി ശ്രീ കലാമണ്ഡലം
നാരായണന്‍‌കുട്ടിയും അരങ്ങിലെത്തി.

കലാ:ഗംഗാധരനും ശ്രീ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും ചേര്‍ന്ന് മികച്ച സംഗീതമാണ് ഈ ഭാഗത്ത് ഒരുക്കിയിരുന്നത്. ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും(ചെണ്ട) ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പീശനും(മദ്ദളം) ചേര്‍ന്നായിരുന്നു മേളം. സാധാരണ മുദ്രക്കുകൂടി ചെണ്ടകൊട്ടുവാന്‍ മിടുക്കുകാണിക്കാറുള്ള മിടുക്കന്റെ ഈ ദിവസത്തെ പ്രകടനം ഒട്ടും മിടുക്കുള്ളതായിരുന്നില്ല.


രാവണവിജയമായിരുന്നു രണ്ടാമതായി അവതരിപ്പിക്കപ്പെട്ട കഥ. കഥകളിയുടെ
തെക്കന്‍ ചിട്ടയിലെ ആചാര്യന്‍ ശ്രീ മടവൂര്‍ വാസുദേവന്‍ നായരാണ് ഇതില്‍ രാവണനായി എത്തിയത്. എണ്‍പത് വയസ്സ് പ്രായമായ ഈ നടന്റെ മികച്ച അരങ്ങുകളിലൊന്നായിരുന്നു ഇവിടുത്തേത്. ഇവിടെ രണ്ടുദിവസങ്ങളിലായി നടന്ന പരിപാടികളില്‍ ഏറ്റവും ഹൃദ്യമായതും ഇദ്ദേഹത്തിന്റെ ഏതാണ്ട് മൂന്നരമണിക്കൂറോളം നീണ്ടുനിന്ന ഈ പ്രകടനം തന്നെയായിരുന്നു.
വടക്കന്‍ ചിട്ടയില്‍ നിന്നും വെത്യസ്തമായി തിരനോട്ടം കഴിഞ്ഞാല്‍ രാവണന് തന്റേടാട്ടവും, രംഭാപ്രവേശം കഴിഞ്ഞ് ഒരു ആട്ടവും ഉണ്ട്. “രാകാധിനാഥ” എന്ന പദത്തിലെ അവതരിപ്പിക്കുന്ന ചരണത്തിനും വത്യാസമുണ്ട്.



തന്റേടാട്ടം ഏതാണ്ട് ഉത്ഭവത്തിലെ തന്റേടാട്ടത്തിന് സമാനമായതാണ്. തന്റെ
പൂര്‍വ്വചരിതങ്ങളോര്‍ത്ത് പ്രതാപിയായി ഇരിക്കുന്ന രാവണന്റെ സമീപത്തേയ്ക്ക് ജേഷ്ഠനായ വൈശ്രവണന്റെ ദൂതന്‍ എത്തുന്നു. ധനേശന്റെ ഉപദേശങ്ങള്‍ കേട്ട് ക്രുദ്ധനായിതീരുന്ന രാവണന്‍ ആ ദൂതനെ വധിക്കുകയും വൈശ്രവണനുമായി യുദ്ധംചെയ്യാന്‍ പുറപ്പെടുകയും ചെയ്യുന്നു. പടയുമായി യാത്രചെയ്ത് ഹിമവല്‍‌പാര്‍ശ്വത്തിലെത്തവെ സമയം രാത്രിയായതായി കണ്ട് എല്ലാവരോടും
കൂടാരംകെട്ടി വിശ്രമിച്ചുകൊള്ളുവാന്‍ രാവണന്‍ നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്ന് പര്‍വ്വതപാര്‍ശ്വത്തിലൂടെ രാവണന്‍ ചുറ്റികറങ്ങുന്നു. പൂര്‍ണ്ണചന്ദ്രന്റെ പനിനീര്‍നിലാവും, മന്തമാരുതനും, പൂമണവും, കുയില്‍ നാദവും, നിശാശലഭങ്ങളും അങ്ങിനെ കാമോദീപകമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ അപ്പോള്‍. പെട്ടന്ന് ആകാശത്തില്‍ നിന്നും ആരോ ഇറങ്ങിവരുന്നതായി കണ്ട് ശ്രദ്ധിക്കവെ, നീലവസ്ത്രത്താല്‍ ശരീരം മറച്ച ഒരു സുന്ദരിയാണത് എന്ന് മനസ്സിലാക്കിയ രാവണന്‍ അവളുടെ മാര്‍ഗ്ഗത്തില്‍ മറഞ്ഞിരുന്ന് അവളെ തടയുന്നു. സുന്ദരിയായ നീ ആരെന്നും ഈ രാത്രിയില്‍ എവിടെ പോകുന്നു എന്നും ചോദിക്കുകയും അവളെ കാമകേളിക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ഞാന്‍ ദേവസുന്ദരിയായ രംഭയാണെന്നും മുന്‍‌കൂട്ടി പറഞ്ഞുറപ്പിച്ചപ്രകാരം ഇന്ന് കുബേരപുത്രനോടോത്ത്
രാത്രികഴിക്കുവാനായി പോവുകയാണെന്നുംഅവള്‍ അറിയിക്കുന്നു. അങ്ങയോടൊത്തു കഴിയുവാന്‍ മറ്റൊരുദിവസം ഞാന്‍ എത്തിക്കൊള്ളാമെന്നും ഇന്ന് തന്നെ വിടണമെന്നും രംഭ അപേക്ഷിക്കുന്നുവെങ്കിലും അതു നിരസിച്ചുകൊണ്ട് രാവണന്‍ അവളെ ബലമായി പ്രാപിക്കുന്നു.


അതിനുശേഷം രാവണന്‍ പടയോടുകൂടി ചെന്ന് കുബേരനെ പോരിനുവിളിക്കുന്നു. അതുകേട്ട് വന്ന് യുദ്ധം ചെയ്യുന്ന വൈശ്രവണന്‍ പോരിനിടയില്‍ അസ്ത്രമേറ്റ്
മോഹാലസ്യപ്പെട്ടുവീഴുന്നു. രാവണന്‍ ധനാധിപതിയുടെ ഭണ്ഡാരവും ധനവും കൊള്ളയടിക്കുന്നു. ‘ഇനി ഇതെല്ലാം കൊണ്ടുപോയി തന്റെ മാതാവിന്റെ കാല്‍ക്കല്‍വെച്ച് വാക്കുപാലിക്കുകതന്നെ‘ എന്നു നിശ്ചയിച്ച് ദശകണ്ഠന്‍ പുഷ്പ്പകവിമാനത്തില്‍കയറി യാത്രയാവുന്നു. വഴിയില്‍ വിമാനത്തിന് മാര്‍ഗ്ഗതടസമായി വര്‍ത്തിക്കുന്ന കൈലാസപര്‍വ്വതത്തെ തന്റെ ഇരുപതുകൈകള്‍കൊണ്ട് എടുത്ത് രാവണന്‍ അമ്മാനമാടുന്നു. ഈ സമയം കൈലാസത്തില്‍ വസിക്കുന്ന ശ്രീപരമേശ്വരന്‍ താഴേയ്ക്ക് ചവുട്ടുകയും കൈലാസം നിലത്തുറയ്ക്കുകയും ചെയ്യുന്നു. രാവണന്റെ കൈകള്‍ അതിനടിയില്‍ പെട്ടുപോകുന്നു. കൈകളിലെ ഞരമ്പുകള്‍ കാലില്‍ വലിച്ചുകെട്ടി അതുമീട്ടിക്കൊണ്ട് രാവണന്‍ ശങ്കരാഭരണരാഗമാലപിച്ച് ശിവനെ സ്തുതിക്കുന്നു. സമ്പ്രീതനായ ശ്രീപരമേശ്വരന്‍ പാര്‍വ്വതീസമേതനായി രാവണന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ‘ചന്ദ്രഹാസം’ എന്ന ദിവ്യമായ വാള്‍ നല്‍കി രാവണനെ അനുഗ്രഹിക്കുന്നു. വിജയശ്രീലാളിതനായ രാവണന്‍ ലങ്കയിലേയ്ക്ക് മടങ്ങുന്നതോടെ കഥ സമ്പൂര്‍ണ്ണമാകുന്നു.
ചുരുക്കിയ രീതിയിലും എന്നാല്‍ ഹൃദയാനുഭവം സൃഷ്ടിക്കുന്ന രീതിയിലുമാണ് മടവൂരാശാന്‍ ഈ ആട്ടങ്ങള്‍ അവതരിപ്പിച്ചത്. രാവണന്‍ ശങ്കരാഭരണമാലപിക്കുന്നതായ ഭാഗത്ത് ഇദ്ദേഹം രംഗത്ത് ഭംഗിയായി രാഗവിസ്താരം ചെയ്യുകയും ചെയ്തു.
.........................................................
ശ്രീ കലാമണ്ഡലം രവികുമാര്‍ ദൂതനായും ശ്രീ കലാമണ്ഡലം രാജശേഘരന്‍
രംഭയായും വേഷമിട്ടിരുന്നു. ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കലാമണ്ഡലം ശ്രീകുമാറും ചേര്‍ന്നായിരുന്നു ഈ കഥയ്ക്ക് സംഗീതം. നാരായണന്റെ സംഗീതം മികച്ചുനിന്നുവെങ്കിലും ശ്രീകുമാര്‍ ഒട്ടും പോരാ എന്നുതോന്നി. ആദ്യരംഗത്തില്‍ കലാ:ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാമണ്ഡലം നാണപ്പന്‍‌നായരും(മദ്ദളം) ചേര്‍ന്നും തുടര്‍ന്ന് കുറൂരും(ചെണ്ട) ശ്രീ കലാമണ്ഡലം രാജുനാരായണനും(മദ്ദളം) ചേര്‍ന്നും മേളമൊരുക്കി.

അവസാനമായി അവതരിപ്പിച്ച ബാലിവധം(രണ്ടാം രംഗം മുതല്‍) കഥയായിരുന്നു.
ബാലിവധം ആട്ടകഥയും അവതരണരീതിയും ഇവിടെ വായിക്കാം.
ഇതില്‍ ശ്രീ വാഴേങ്കിട വിജയന്‍ രാവണനായും കലാ: ഹരിനാരായണന്‍ മാരീചനായും ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരി രാമനായും ശ്രീ കല്ലുവഴി വാസു സീതയായും ശ്രീ കോട്ടക്കല്‍ ദേവദാസന്‍ സുഗ്രീവനായും ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ബാലിയായും അരങ്ങിലെത്തി.

ശ്രീ കലാമണ്ഡലം പാറ നാരായണന്‍ നമ്പൂതിരിയും കലാ: മോഹനകൃഷ്ണനും ചേര്‍ന്നായിരുന്നു ഈ കഥയ്ക്ക് പാടിയിരുന്നത്. ശ്രീ കലാമണ്ഡലം വിജയകൃഷ്ണന്‍, ശ്രീ സദനം രാമകൃഷ്ണന്‍, ശ്രീ കലാമണ്ഡലം നന്ദകുമാര്‍ തുടങ്ങിയവര്‍ മേളവും കൈകാര്യം ചെയ്തു.
ഈ കളികള്‍ക്ക് മഞ്ജുതര, മാങ്ങോടിന്റെ കോപ്പുകള്‍ ഉപയോഗിച്ച് ശ്രീ അപ്പുണ്ണിത്തരകനും സംഘവുമാണ് അണിയറകൈകാര്യം ചെയ്തുന്നത്.

3 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ആദ്യ ദിവസം പങ്കെടുക്കുവാന്‍ സാധിച്ചില്ല? അന്ന്‍ ഗോപിയാശാന്റെ നളചരിതം രണ്ടാം ദിവസമായിരുന്നു. നന്നായി എന്നാണ് കേട്ടത്.

> ഇങ്ങിനെയുള്ള വിശേഷാവസരങ്ങളില്‍ വേണ്ടതുപോലെ പുറപ്പാടും ഇരട്ടമേളപ്പദവുമൊക്കെ അവതരിപ്പിച്ചാല്‍ ആസ്വാദ്യകരമാവും. അതല്ലാതെ ഇരട്ടമേളപ്പദമൊക്കെ പലയിടത്തും കാണുന്നതുപോലെ ഒരു വഴിപാടാക്കിയാല്‍ ഒരു സുഖവുമില്ല.
> രാമന്‍‌കുട്ടി നായരാശാന്‍ ധര്‍മ്മപുത്രരായിട്ട് എങ്ങിനെയുണ്ടായിരുന്നു? ഇതുപോലെ ഒരു അവസരത്തില്‍, അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഹനുമാന്‍ മതിയായിരുന്നു എന്ന് അദ്ദേഹം ധര്‍മ്മപുത്രരായാണ് വേഷമിടുന്നത് എന്നു കേട്ടപ്പോള്‍ തോന്നിയിരുന്നു.
> :-) അദ്ദേഹത്തിന്റെ ശങ്കരാഭരണം രാഗാലാപനം വളരെ പ്രശസ്തമാണല്ലോ... ഇതുവരെ അതു കാണുവാനൊത്തിട്ടില്ല. :-( പക്ഷെ, കഥയുടെ ക്ലൈമാക്സ് കഴിഞ്ഞുള്ള ആട്ടങ്ങള്‍ ആസ്വാദ്യകരമാക്കുവാന്‍ അല്പം പാടാണ്. ഇവിടെ നന്നായി, അല്ലേ?
> കലാമണ്ഡലം രാജശേഖരന്റെ രംഭ എങ്ങിനെയുണ്ടായിരുന്നു?
> ഇതു കഴിഞ്ഞ് പിന്നെ ബാലിവധവും? ഹമ്മെ!

ഇതൊരു മൂന്ന് പോസ്റ്റാക്കാവുന്നതായിരുന്നു. :-)
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരീ,
ആദ്യ ദിവസം പങ്കെടുക്കുവാന്‍ സാധിച്ചില്ല.

രാമന്‍‌കുട്ടിയാശാന് വയ്യ. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെയാണ് ധര്‍മ്മപുത്രവേഷം നിശ്ചയിക്കപ്പെട്ടത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ആശാന്‍ പട്ടിക്കാതൊടിയും ധര്‍മ്മപുത്രവേഷം കെട്ടിയാണ് വേഷംകെട്ടല്‍ അവസാനിപ്പിച്ചത്. അതുപോലെ രാമന്‍‌കുട്ടിയാശാനും അവസാനിപ്പിക്കുകയാണ് എന്നാണ് കേട്ടത്.

മടവൂരിന്റെ ആട്ടങ്ങളെല്ലാം നന്ന്നായിരുന്നു.

രാജശേഘരന്‍ ശരാശരി നിലവാരം പുലര്‍ത്തി.

Haree പറഞ്ഞു...

വേഷം കെട്ടല്‍ അവസാനിപ്പിച്ചുവെന്നോ? നാളെ തിരു.പുരത്ത് സ്പിക്മെകയുടെ പരിപാടിക്ക് അദ്ദേഹത്തിന്റെ പേരു കണ്ടുവല്ലോ! കൂട്ടത്തില്‍ കലാ. ഗോപിയാശാന്റെ പേരും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
--