അരങ്ങ്’ 09

കേരളത്തിലെ മഹത്തായ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും വരുംതലമുറയ്ക്ക് അവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കലാസാംസ്ക്കാരീകസംഘടനയായ തിരനോട്ടം പ്രസ്തരും പ്രഗത്ഭരുമായ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ഈ കലകള്‍ പ്രതിവര്‍ഷം അവതരിപ്പിച്ചുവരുന്നു. തിരനോട്ടത്തിന്റെ ഈ വര്‍ഷത്തെ പരിപാടി-‘അരങ്ങ്’09’- 08/08/09ന് പൂര്‍വ്വാധികം ഭംഗിയായി, ദിനരാത്രങ്ങളെ സംഗീതവാദ്യനാട്ട്യസാന്ദ്രമാക്കിക്കൊണ്ട് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ അരങ്ങേറി. ഡോ:കെ.എന്‍.പിഷാരടിസ്മാരക കഥകളി ക്ലബ്ബ്, ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെയാണ് ‘അരങ്ങ്’ 09’ നടത്തപ്പെട്ടത്. പത്മശ്രീ ബഹുമതിനേടിയ ശ്രീ കലാമണ്ഡലം ഗോപി, ശ്രീ മട്ടന്നൂര്‍ ശങ്കരന്‍‌കുട്ടി മാരാര്‍ എന്നിവരേയും ശ്രീ ചേര്‍പ്പുളശ്ശേരി ശിവനേയും ആദരിക്കുന്ന ‘ആദരായണം’ ചടങ്ങോടെ രാവിലെ 8:30ന് ‘അരങ്ങ്’09’ സമാരംഭിച്ചു. ചടങ്ങില്‍ ശ്രീ സി.മോഹന്‍‌ദാസ് ഇവരെ അനുമോദിച്ചു. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍‌കുട്ടി മാരാര്‍, ശ്രീ മട്ടനൂര്‍ ശ്രീരാജ് എന്നിവര്‍ ചെണ്ടയിലും, ചേര്‍പ്പുളശ്ശേരി ശിവന്‍, ശ്രീ കലാമണ്ഡലം ഹരിഹരന്‍ എന്നിവര്‍ മദ്ദളത്തിലും ശ്രീ ഏഷ്യാഡ് ശശി, ശ്രീ വിനോദ് എന്നിവര്‍ ഇലത്താളത്തിലും പങ്കെടുത്ത കേളി നടന്നു. രാവിലെ 11:30ന് മൃദംഗവിദ്വാന്‍ കലൈമാമണി ശ്രീ മന്നാര്‍ഗുഡി എ.ഈശ്വരന്‍ അവതരിപ്പിച്ച ‘തനിയാവര്‍ത്തനം-ഒരാസ്വാദനം’ എന്ന വിഷയത്തിലുള്ള സോദാഹരണപ്രഭാഷണം നടന്നു. ഉച്ചക്കുശേഷം 2:30മുതല്‍ ‘കോട്ടയം കഥകളിലേയ്ക്കൊരു ജാലകം’ എന്ന പ്രഭാഷണ-ചര്‍ച്ചാപരിപാടി നടന്നു. കോട്ടയം കഥകളുടെ സാഹിത്യ-സംഗീത-രംഗാവതരണങ്ങളെക്കുറിച്ച് ഇതില്‍ ചര്‍ച്ചചെയ്യപ്പെട്ടു. അധികാരം നഷ്ടപ്പെട്ട് കാട്ടില്‍ അലയേണ്ടിവരുകയും, തന്റെ പൂര്‍ണ്ണമായ ശക്തി പ്രയോഗിച്ചാല്‍ ശത്രുവിനെ നിസാരമായി വകവരുത്താം എന്ന് ഉറപ്പിച്ച് പറയുകയും എന്നാല്‍ ചില ധര്‍മ്മനിഷ്ടകളുടെ കെട്ടുപാടിനാല്‍ ഇങ്ങിനെ പ്രവര്‍ത്തിക്കാനാകാതെ ദു:ഖിക്കുകയും ചെയ്യുന്ന ഒരു നായകന്റെ മനസ്സ് കോട്ടയം കഥകളുടെയെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്നതായി കാണാം എന്ന് ചര്‍ച്ച നയിച്ച ശ്രീ കെ.ബി.രാജ് ആനന്ദ് പ്രസ്ഥാവിച്ചു. ഇതിന് കാരണം ആട്ടകഥാകാരന്റെ ചില ഭൌതീക സാഹചര്യങ്ങളാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതര കഥാകൃത്തുക്കളെ അപേക്ഷിച്ച് ധാരാളം രാക്ഷസ-പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് കോട്ടയം തമ്പുരാന്‍ എന്നിരിക്കിലും ഒരു ഉത്തമപ്രതിനായക കഥാപാത്രത്തെ സമ്മാനിക്കാനായില്ല എന്നതാണ് കോട്ടയം കഥകളുടെ അഥവാ കോട്ടയത്ത് തമ്പുരാന്റെ ഒരു പോരായ്ക എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
വൈകിട്ട് 4:30മുതല്‍ പത്മശ്രീ പാലക്കാട് രഘുവിന്റെ പൌത്രന്‍ ശ്രീ അഭിഷേക് രഘുറാം സംഗീതകച്ചേരി അവതരിപ്പിച്ചു. ശ്രീ എസ്സ്.വരദരാജന്‍ വയലിനിലും മന്നാര്‍ഗുഡി ഈശ്വരന്‍ മൃദഗത്തിലും ശ്രീ ഇലഞ്ഞിമേല്‍ പി.സുശീല്‍ കുമാര്‍ ഘടത്തിലും പക്കം നല്‍കി.

കഥകളിയിലെ ഒരു യുവകലാകാരനെ ഒരു വര്‍ഷത്തേയ്ക്ക് സ്പോണ്‍സര്‍ ചെയ്യുന്ന ഒരു പദ്ധതി തിരനോട്ടം മുന്‍‌വര്‍ഷം മുതല്‍ ആവിഷ്ക്കരിച്ചിരുന്നു. തിരനോട്ടത്തിന്റെ അഭിനന്ദനീയമായ ഈ പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം ശ്രീ കലാമണ്ഡലം പ്രദീപ് കുമാറിനെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ പദ്ധതിപ്രകാരം 10 അരങ്ങുകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്യാനായ കലാ:പ്രദീപ് കുമാറിനെ വേദിയില്‍ വെച്ച് തിരനോട്ടം അഭിനന്ദിച്ചതിനൊപ്പം അടുത്തവര്‍ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശ്രീ സദനം ഭാസിക്ക് കരാര്‍ കൈമാറുകയും ചെയ്തു. കൂടാതെ കലാരംഗത്ത് ഏറെക്കാലം നിറഞ്ഞു നില്‍ക്കുകയും ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം ഇപ്പോള്‍ അരങ്ങിലെത്താന്‍ സാധിക്കാതെയിരിക്കുകയും ചെയ്യുന്നവരും അഗീകാരം അര്‍ഹിക്കുന്നവരുമായ കലാകാരന്മാരില്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് പ്രതിമാസം 1000 രൂപ വീതം ഗ്രാന്റ് നല്‍കി ആദരിക്കുന്ന ഒരു പദ്ധതിയും തിരനോട്ടം ആവിഷ്ക്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ പ്രധമമായി ഉള്‍പ്പെടുത്തിയ പ്രശസ്ത മദ്ദളവാദകന്‍ ശ്രീ തൃക്കൂര്‍ ഉണ്ണികൃഷ്ണനെയും വേദിയില്‍ വെച്ച് ആദരിക്കുകയുണ്ടായി. കഥകളി അണിയറകളില്‍ ദീര്‍ഘകാലമായി സേവനമനുഷ്ടിച്ചുവരുയാളും അടുത്ത് എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുകയും ചെയ്യുന്ന ശ്രീ അപ്പുണ്ണിത്തരകനെയും തിരനോട്ടം ആദരിക്കുകയുണ്ടായി.



രാത്രി 8:30ഓടെ കഥകളി ആരംഭിച്ചു. ശ്രീ ഇ.കെ.വിനോദ് വാര്യര്‍ ധര്‍മ്മപുത്രനായും ശ്രീ കലാമണ്ഡലം ശുചീന്ദ്രനാഥന്‍ പാഞ്ചാലിയായും വേഷമിട്ട ‘ബകവധം’ കഥയുടെ പുറപ്പാടാണ് ഇവിടെ അവതരിപ്പിക്കുകയുണ്ടായത്. ഇവിടെ തുടര്‍ന്ന് നടത്താന്‍ നിശ്ചയിച്ച കാലകേയവധം കഥയ്ക്ക് പ്രത്യേകമായി പുറപ്പട് രചിക്കപ്പെട്ടിട്ടില്ല. ഇതിനാല്‍ രാവണോത്ഭവത്തിന്റെ പുറപ്പാടാണ്(ഇന്ദ്രനും ഇന്ദ്രാണിയുമായുള്ള) കാലകേയവധത്തിനും ആചാര്യന്മാരാല്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ കോട്ടയം കഥയ്ക്ക്, തമ്പുരാനാല്‍ രചിക്കപ്പെട്ട ഒരു പുറപ്പാട് എന്ന നിലയ്ക്കായിരിക്കാം ബകവധം പുറപ്പാട് അവതരിപ്പിക്കപ്പെട്ടത് എന്ന് തോന്നുന്നു. തുടര്‍ന്ന് മേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ഇതില്‍ സംഗീതം കൈകാര്യം ചെയ്തത് ശ്രീ കലാമണ്ഡലം വിനോദും ശ്രീ കലാനിലയം രാജീവനും ചേര്‍ന്നാണ്. ‘മഞ്ജുതരയുടെ’ ചില ചരണങ്ങളില്‍ രാഗമാറ്റമൊക്കെ വരുത്തിയിരുന്നുവെങ്കിലും സമ്പൃദായം കൈവിടാതെ ഭംഗിയായി ഇവര്‍ പാടി. ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം കൃഷ്ണദാസും ചേര്‍ന്ന് ചെണ്ടയും ശ്രീ കോട്ടക്കല്‍ രവിയും ശ്രീ കലാമണ്ഡലം ശശിയും ചേര്‍ന്ന് മദ്ദളവും കൈകാര്യം ചെയ്തു.



കോട്ടയത്ത് തമ്പുരാനാല്‍ വിരചിതമായതും കഥകളിയുടെ തൌര്യത്രികകഭംഗി കവിഞ്ഞൊഴുകുന്നതുമായ ‘നിവാതകവചകാലകേയവധം’ കഥ സമ്പൂര്‍ണ്ണമായാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. വേഷങ്ങളെ അടിസ്ഥാനമാക്കിയും മറ്റുമുള്ള ‘ട്വന്റി-20’ കളികള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു കഥ സമ്പൂര്‍ണ്ണമായി(സാധാരണ സമ്പൂര്‍ണ്ണമെന്ന് പറഞ്ഞ് അവതരിപ്പിക്കുമ്പോള്‍ പോലും ഒഴിവാക്കുപ്പെടുന്ന രംഗങ്ങളും കൂടി ഉള്‍പ്പെടുത്തി അക്ഷരാര്‍ത്ഥത്തില്‍ തന്നെ സമ്പൂര്‍ണ്ണമായി), അതും ചിട്ടപ്രധാനമായ കോട്ടയം കഥകള്‍ അവതരിപ്പിക്കുന്ന തിരനോട്ടത്തിന്റെ ഉദ്യമങ്ങള്‍ തികച്ചും ശ്ലാഘനീയമാണ്. മാത്രമല്ല ഈ കളികള്‍ നല്ലരീതിയില്‍ ദൃശ്യാലേഘനം ചെയ്ത് വെയ്ക്കുന്നത് കലാലോകത്തിന് ഒരു മുതല്‍കൂട്ടുമാണ്. ഇന്ദ്രനായിരംഗത്തുവന്ന ശ്രീ കലാമണ്ഡലം ഷണ്മുഖദാസ് നല്ല പ്രകടനം കാഴ്ച്ചവെച്ചു. മാതലിയായി അഭിനയിച്ചത് ശ്രീ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയാണ്. ഇന്ദ്രന്റേയും അര്‍ജ്ജുനന്റേയും വാക്കുകള്‍ക്ക് എല്ലാം പ്രതികരണമുള്ള-വളരെ ലൈവായ- ഒരു മാതലിയായിരുന്നു ഇദ്ദേഹത്തിന്റേത്. എന്നാല്‍ ‘തന്റെ പുത്രനെ ഉടനെ കൂട്ടിക്കൊണ്ടുവരുവാന്‍‘ ആജ്ഞാപിക്കുന്ന ഇന്ദ്രനോട് സാരഥിയായ മാതലി ‘അങ്ങയുടെ രഥം തന്നെ കൊണ്ടുപോകണമോ?’ എന്നു സംശയിക്കുകയും, തുടര്‍ന്ന് പാണ്ഡവന്‍ ദ്രോണര്‍ക്ക് ഗുരുദക്ഷിണ നല്‍കിയ കഥയൊക്കെ വിസ്തരിച്ച് അര്‍ജ്ജുനന്റെ ശ്രേഷ്ഠത വെളിവാക്കുന്നതായി ആടിയതും തികച്ചും അനൌചിത്യമായി തോന്നി. ഇതു കണ്ടപ്പോള്‍ ‘എടോ മാതലേ, താന്‍ കഥപറയാന്‍ നില്‍ക്കാതെ വേഗം പറഞ്ഞ ജോലി ചെയ്താലും’ എന്ന് ഇന്ദ്രന്‍ പ്രതികരിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിപോയി. തുടര്‍ന്നുള്ള മാതലിയുടെ തേര്‍ കൂട്ടികെട്ടലും മറ്റും അത്ര അനുഭവവേദ്യമായതുമില്ല.



ആദ്യ രണ്ടു രംഗങ്ങളില്‍ അര്‍ജ്ജുനനായെത്തിയ കലാ:ഗോപി അതിശയകരമായ പ്രകടനം തന്നെയാണ് കാഴ്ച്ചവെയ്ച്ചത്. ചിട്ടയും ഒപ്പം ഭാവവും പ്രധാനമായുള്ള ഈ അര്‍ജ്ജുനവേഷത്തില്‍ ഗോപിയാശാനെത്തുകയും ഒപ്പം ശ്രീ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ പാട്ടും കലാ:ഉണ്ണികൃഷ്ണന്റെ ചെണ്ടയും ഒത്തുചേരുന്ന അരങ്ങുകളെല്ലാം തന്നെ തൌര്യത്രികസൌന്ദര്യത്താല്‍ അവിസ്മരണീയങ്ങളാണ്.



ആദ്യരംഗത്തില്‍ ശ്രീ നെടുമ്പുള്ളി രാം‌മോഹനും അടുത്തരംഗങ്ങളില്‍ കലാ:വിനോദും വളരെ ഭംഗിയായിതന്നെ മാടമ്പിയാശാന്റെ ശിങ്കിടിയായി പാടിയിരുന്നു. ആദ്യരംഗത്തില്‍ ശ്രീ കലാനിലയം പ്രകാശനും തുടര്‍ന്ന് ശ്രീ കോട്ട:രവിയും ആണ് മദ്ദളം വായിച്ചത്.



മൂന്നാം രംഗം മുതല്‍ അര്‍ജ്ജുനവേഷമിട്ടത് ശ്രീ സദനം കൃഷ്ണന്‍കുട്ടി ആയിരുന്നു. ശ്രീ കലാ:ശുചീന്ദ്രനാഥന്‍ ഇന്ദ്രാണിയായി രംഗത്തെത്തി. പതിവു വഴിയില്‍ നിന്നും വിട്ടാണ് അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവര്‍ണ്ണന പുരോഗമിച്ചത്. അദ്യഭാഗത്ത് സ്വര്‍ഗ്ഗത്തിന്റെ അധോ-മദ്ധ്യ-ഉപരി ഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകമായി നോക്കികാണുന്നതായി ഇവിടെ ആടികണ്ടില്ല. ഐരാവതാ‍ദികളെ കണ്ടുവന്ദിച്ച് സഞ്ചരിച്ചശേഷമാണ് സാധാരണ കല്പവൃക്ഷച്ചുവട്ടിലെ സ്ത്രീകളെ കാണാറ്. എന്നാല്‍ ഇവിടെ അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗത്തിലെ ആദ്യകാഴ്ച്ചതന്നെ ഇതായിരുന്നു. കാമധേനുവിനെ കാണുന്ന സമയത്ത് ദിലീപരാജാവിന്റെ കഥ ഓര്‍ക്കുന്നതായി ആടുകയുണ്ടായി. ഈ രംഗത്തില്‍ രാമന്‍ നമ്പൂതിരിയാണ് ചെണ്ട കൈകാര്യം ചെയ്തിരുന്നത്.



സാധാരണപതിവില്ലാത്ത അഞ്ചാം രംഗവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഇന്ദ്രവൈരികളായ വജ്രബാഹു, വജ്രകേതു എന്നീ അസുരസോദരന്മാര്‍ സ്വര്‍ഗ്ഗലോകത്തെത്തി അനധികൃതമായി സ്വര്‍ഗ്ഗസ്ത്രീകളെ അപഹരിച്ചുകൊണ്ട് പോകുന്ന വേളയില്‍, ശബ്ദകോലാഹലം കേട്ട് അവിടെയെത്തുന്ന അര്‍ജ്ജുനന്‍ അപ്സരസ്ത്രീകളെ മോചിപ്പിക്കുകയും അസുരരെ യുദ്ധത്തില്‍ വധിക്കുകയും ചെയ്യുന്നതാണ് ഈ രംഗത്തിലെ കഥ. ഇവിടെ വജ്രബാഹു(താടിവേഷം)വായി ശ്രീ പെരിയാനം‌പറ്റ ദിവാകരനും വജ്രകേതു(കത്തിവേഷം)വായി കലാ:പ്രദീപ് കുമാറുമാണ് അരങ്ങിലെത്തിയത്. അനുജനായ വജ്രകേതുവിന്റെ തിരനോട്ടത്തിന് മേലാപ്പും ആലവട്ടവും ഒക്കെ കണ്ടു. ഇവിടെ ഇതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല. ഈ ഭാഗം മുതല്‍ പൊന്നാനിയായി പാടിയത് ശ്രീ കോട്ടക്കല്‍ നാരായണന്‍ ആയിരുന്നു. നെടുമ്പുള്ളി രാം‌മോഹന്‍, കലാനി:രാജീവ് എന്നിവര്‍ ശിങ്കിടിയായും പാടി. ശ്രീ സദനം രാമകൃഷ്ണന്‍, ശ്രീ കലാനിലയം രതീഷ്(ചെണ്ട) കലാനി:പ്രകാശ്(മദ്ദളം) എന്നിവരായിരുന്നു ഈ രംഗത്തില്‍ മേളത്തിന്.



പുരുവംശതിലകനായ അജ്ജുനനെ നേരില്‍ കണ്ട് അവനില്‍ വശീകൃതയും അതുമൂലം വിവശീകൃതയുമായ ഉര്‍വ്വശി സഖിയോട് തന്റെ മനോവിചാരങ്ങള്‍ അറിയിക്കുകയും വിജയന്റെ രൂപഗുണങ്ങള്‍ വര്‍ണ്ണിക്കുന്നതുമാണ് തുടര്‍ന്നുള്ള രംഗം. ഒരേ സമയം ചിട്ടപ്രധാനവും ഭാവപ്രധാനുവുമായ ഉര്‍വ്വശിയെന്ന കോട്ടയത്തുതമ്പുരാന്റെ അതുല്യമായ കഥാപാത്രം എന്നും സ്ത്രീവേഷക്കാര്‍ക്ക് ഒരു വെല്ലുവിളിയായുള്ളതാണ്. ഇവിടെ ഈ വേഷം ഭംഗിയായിതന്നെ ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ കൈകാര്യം ചെയ്തു. സവിശേഷമായ ഇരട്ടിനൃത്തത്തോടുയോടുകൂടിയ ‘പാണ്ടവന്റെ രൂപം കണ്ടാല്‍’ എന്ന പതിഞ്ഞപദം ഉള്‍പ്പെടുന്ന ആദ്യഭാഗം ചിട്ടപ്പടിയുള്ള നൃത്തങ്ങളോടും ഭാവപ്രകാശനത്തോടും കൂടി അവിസ്മരണീയമായ അനുഭവമാക്കിതീര്‍ത്തു ഇദ്ദേഹം. എന്നാല്‍ സ്വമനോരഥത്തിന് പ്രതികൂലമായ അര്‍ജ്ജുനന്റെ പ്രതികരണം കണ്ട് ഭാവം മാറുന്നത് മുതലുള്ള ഭാഗങ്ങള്‍ ഓടിച്ച് തീര്‍ക്കുന്നതായി തോന്നി. മാര്‍ഗ്ഗിയ്ക്ക് കുറച്ചുകൂടി സമയമെടുത്ത് ഈ ഭാഗം ഭംഗിയാക്കാമായിരുന്നു. പ്രത്യേകിച്ച് അന്ത്യത്തിലെ ശാപത്തിന്റെ ഭാഗമൊക്കെ. ശ്രീ കലാമണ്ഡലം വിജയകുമാറായിരുന്നു സഖിയായിവേഷമിട്ടിരുന്നത്.











































മാര്‍ഗ്ഗിയുടെ ഉര്‍വ്വശിയും കോട്ട:നാരായണന്റെ പാട്ടും കലാ:ശശിയുടെ മദ്ദളവാദനവും ചേര്‍ന്ന് ഈ ഭാഗം തൌര്യത്രികഭംഗി ഇയലുന്നതും അവിസ്മരണീയവും ആക്കിതീര്‍ത്തു. കലാ:കൃഷ്ണദാസായിരുന്നു ചെണ്ടയ്ക്ക്.

ശാപഗ്രസ്തനായി കേഴുന്ന അര്‍ജ്ജുനനെ ഇന്ദ്രനെത്തി ആശ്വസിപ്പിക്കുന്നതു മുതലുള്ള ഭാഗത്ത് കലാനി:രാജീവനും നെടുമ്പുള്ളി രാം‌മോഹനും ചേര്‍ന്നായിരുന്നു പാട്ട്. നോക്കിയാണ് രാജീവന്‍ പാടിയിരുന്നതെങ്കിലും യുദ്ധപദങ്ങളും മറ്റും സമ്പൃദായാധിഷ്ഠിതമായും ഉണര്‍വ്വോടും അതന്നെയാണ് പാടിയിരുന്നത്. എന്നാല്‍ നിവാതകവചന്റെ യുദ്ധപദം ലേശം കാലം താഴ്ത്തിപാടിയത് രംഗത്തിന്റെ ചടുലതയെ ബാധിച്ചിരുന്നു.



നിവാതകവചനായെത്തിയത് ശ്രീ കലാനിലയം ഗോപി ആയിരുന്നു. ഈ ഭാഗം മുതല്‍ സദനം രാമകൃഷ്ണന്‍, കലാനി:രതീഷ്,(ചെണ്ട) കലാനി:പ്രകാശന്‍(മദ്ദളം) എന്നിവര്‍ ചേര്‍ന്നാണ് മേളമൊരുക്കിയത്.



കാലകേയവേഷമിട്ടത് ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയായിരുന്നു. ഭീരുവായെത്തിയിരുന്ന കലാ:ശുചീന്ദ്രന്റെ വേഷമൊരുങ്ങലും പ്രവൃത്തിയും കണ്ടിട്ട് ഇദ്ദേഹം മുന്‍പ് ഭീരുവേഷം കണ്ടിട്ടുകൂടിയില്ലെന്ന് തോന്നി. ഈ രംഗം മുതല്‍ ചെണ്ടയ്ക്ക് രാമന്‍ നമ്പൂതിരിയും കൂടിയിരുന്നു. നന്ദികേശ്വരനായി അരങ്ങിലെത്തിയത് സദനം ഭാസി ആയിരുന്നു. രണ്ടാം അര്‍ജ്ജുനനായി വേഷമിട്ട സദനം കൃഷ്ണന്‍‌കുട്ടി പതിവിനു വിരുദ്ധമായി നാലാം രംഗം മുതല്‍ തന്നെ അരങ്ങിലെത്തിയതുകൊണ്ടാകാം അന്ത്യഭാഗമായപ്പോഴേക്കും ക്ഷീണിതനായി അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അന്ത്യഭാഗത്തിലെ അര്‍ജ്ജുനനായി അഭിനയിക്കുവാന്‍ മൂന്നാമതൊരു നടനേക്കൂടി ഉള്‍പ്പെടുത്താമായിരുന്നു എന്ന് തോന്നി.



സമയക്കുറവുമൂലം ഇവിടെ കഥയുടെ അവസാനരംഗങ്ങള്‍ വിസ്തരിക്കുവാന്‍ സാധിച്ചിരുന്നില്ല. മുഴവന്‍ കഥ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ കളി കുറേക്കൂടി നേരത്തെ തുടങ്ങുന്നരീതിയില്‍ സംവിധാനം ചെയ്യേണ്ടതായിരുന്നു. അല്ലെങ്കില്‍ പുറപ്പാടും മേളപ്പദവും ഒഴിവാക്കാമായിരുന്നു. എന്നാല്‍ കാലകേയവധത്തെ സംബന്ധിച്ച് അന്ത്യഭാഗങ്ങള്‍ വിസ്തരിച്ചാല്‍ വിരസമാണെന്നുള്ള വാസ്തവവും പ്രസ്താപിച്ചു കൊള്ളട്ടെ. അവസാന ഖണ്ഡത്തില്‍ തുടര്‍ച്ചയായി വരുന്ന തിരനോട്ടങ്ങളും, തന്റേടാട്ടങ്ങളും, യുദ്ധങ്ങളും തെല്ലൊരു വിരസതയുണത്താതിരിക്കില്ല പ്രേക്ഷകനില്‍. അന്ത്യരംഗത്തിലാവട്ടെ നന്ദികേശ്വരന്റെ സഹായത്താല്‍ മാത്രമാണ് നായകനു വിജയിക്കാന്‍ സാധിക്കുന്നത്. ഇത് നായകന്റെ പ്രഭാത്തിന് കോട്ടതീര്‍ക്കുന്നതുമാണ്. ദുര്യോധനവധം കഥ ദുശ്ശാസനവധത്തില്‍ നിര്‍ത്തുന്നതുപോലെ നിവാതകവചകാലകേയവധം നിവാതകവചനെ വധിക്കുന്ന രംഗത്തോടെ അവസാനിപ്പിക്കുന്നതല്ലെ ഉചിതം എന്ന് ഈ അവസ്ഥയില്‍ ആലോചിച്ച് പോവുകയാണ്. ഇങ്ങിനെ ചെയ്താല്‍ പ്രേക്ഷകരുടെ വിരസതയും രണ്ടുവേഷക്കാരേയും ഒഴിവാക്കാനാകുമെന്ന് മാത്രമല്ല സമയവും ലാഭിക്കാം.




ശ്രീ കലാമണ്ഡലം ശിവരാമന്‍, ശ്രീ കലാനിലയം സജി, ശ്രീ ഏരൂര്‍ മനോജ് എന്നിവരായിരുന്നു ഈ കളിക്ക് ചുട്ടികുത്തിയിരുന്നത്. ശ്രീ അപ്പുണ്ണിതരകന്‍, ശ്രീ എം.നാരയണന്‍ നായര്‍, ശ്രീ ചെറുതുരുത്തി മുരളി, ശ്രീ മാങ്ങോട് നാരായണന്‍, ശ്രീ ചന്ദ്രന്‍ ചാലക്കുടി എന്നിവരായിരുന്നു അണിയറയിലും അരങ്ങിലും സഹായികളായി പ്രവര്‍ത്തിച്ചിരുന്നത്. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചിരുന്നത്.

‘രാജസം’

ഒരു രാത്രികൊണ്ട് ഒരു കഥ പൂര്‍ണ്ണമായി അവതരിപ്പിക്കന്ന രീതിയായിരുന്നു കഥകളിയില്‍ പണ്ട് ഉണ്ടായിരുന്നത്. അതിനുപാകത്തിലാണ് മിക്ക ആട്ടകഥകളും രചിക്കപ്പെട്ടിരിക്കുന്നതും. എന്നാല്‍ പില്‍ക്കാലത്ത് ഈ രീതിമാറി ഒരു രാത്രിയില്‍ മൂന്നോ നാലോ കഥകളുടെ പ്രസക്തഭാഗങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന രീതി നിലവില്‍ വന്നു. ഒരു രീതിയിലുള്ള വേഷങ്ങളെ മാത്രം അണിനിരത്തിക്കൊണ്ടുള്ള അവതരണരീതി അടുത്തകാലത്തായി ആരംഭിച്ച ഒന്നാണ്. ഈ രീതിയില്‍ പ്രമുഖമായി നടത്തപെട്ട ഒരു പരിപാടിയായിരുന്നല്ലൊ താടിവേഷങ്ങളെ മാത്രം അവതരിപ്പിച്ചുകൊണ്ട് നടത്തപ്പെട്ട താടിയരങ്ങ്. കഥകളിയിലെ രാജസപ്രൌഢിനിറഞ്ഞ പത്ത് കത്തിവേഷങ്ങളുടെ അവതരണമായിരുന്നു ‘രാജസം’. Viewfinder Cultural Gruopന്റെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘രാജസം’, 01/08/09ല്‍ തൃപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ വെയ്ച്ച് നടന്നു. പലകഥകളിലെ കത്തിപ്രധാനമായതും ഭാവവൈവിദ്ധ്യമാര്‍ന്നതുമായ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഒരു രാത്രി നീളുന്ന ഈ പരിപാടി തയ്യാറാക്കിയത്. കഥകളിയിലെ വൈവിദ്ധ്യങ്ങള്‍ നിറയുന്ന പതിവ് അവതരണരീതിയില്‍ പലവിധമായ വേഷങ്ങളും രാഗതാളങ്ങളും മാറിമാറി വരുന്നു. എന്നാല്‍ ഈ നൂതന അവതരണരീതിയില്‍ ആദ്യാവസാനം ഏതാണ്ട് ഒരേ രീതിയില്‍ വരുന്ന വേഷങ്ങളും രംഗങ്ങളും പ്രേക്ഷകരില്‍ കുറച്ചൊരു മടുപ്പുളവാക്കും എന്ന് പറയാതെ വയ്യ. ഇതിനാലായിരിക്കണം പ്രേക്ഷകരില്‍ ഏതാണ്ട് 50% പേരോളം ആദ്യത്തെ 3-4 കത്തികള്‍ക്കുശേഷം ‘വയറുനിറഞ്ഞു, ഇന്നിനി വയ്യ’ എന്നുള്ള മട്ടില്‍ കാഴ്ച്ചമതിയാക്കിപോയത് എന്ന് തോന്നുന്നു. എന്നാല്‍ പ്രമുഖരായ കലാകാരന്മാരെ അണിനിരത്തിക്കൊണ്ടും പ്രധാനരംഗങ്ങള്‍ മാത്രം അവതരിപ്പിച്ചുകൊണ്ടും നടത്തപ്പെട്ട രാജസം ആദ്യാവസാനം നല്ല നിലവാരം പുലര്‍ത്തി എന്നുള്ളതാണ് പരിപാടിയുടെ ഒരു മെച്ചം. ഇതിനാല്‍ തന്നെയായിരിക്കണം ഇക്കാലത്ത് ഒരു കഥകളിപരിപാടിക്ക് കാണുന്നതിലും പലമടങ്ങ് ആസ്വാദകര്‍ ഇവിടെ എത്തിയതും, അതില്‍ ഏതാണ്ട് 50%പേരും മുഴുരാത്രിയുമിരുന്ന് കളികണ്ടതും. പത്ത് പേര്‍ക്കും കൂടി അവരവരുടെ ഭാഗങ്ങള്‍ തൃപ്തികരമായി അവതരിപ്പിക്കുവാനുള്ള സമയം ലഭിച്ചിരുന്നില്ല എന്നതാണ് പരിപാടിയുടെ ഒരു പ്രധാനപോരായ്ക. ഓരോ വേഷക്കാര്‍ക്കും ഓരോ മണിക്കൂര്‍ വീതമാണ് സമയം അനുവദിച്ചിരുന്നത്. ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടോ വേഷങ്ങളുടെ എണ്ണം കുറച്ചുകൊണ്ടോ പരിപാടി നടത്തിയിരുന്നെങ്കില്‍ ഓരോരുത്തര്‍ക്കും വേണ്ട സമയം ലഭിക്കുകയും നടന്മാര്‍ക്കും ആസ്വാദകര്‍ക്കും പരിപാടി കൂടുതല്‍ തൃപ്തികരമായി തീരുകയും ചെയ്തേനെ. നിശ്ചയിച്ച സമയത്തുനിന്നും അരമണിക്കൂറോളം തുടങ്ങുവാന്‍ താമസിച്ചതും ചില രംഗങ്ങള്‍ നീണ്ടുപോയതും സമയത്തില്‍ നീക്കം വരുത്തിയിരുന്നുവെങ്കിലും പിന്നീടുള്ള രംഗങ്ങളില്‍ ചില ആട്ടങ്ങളും പദഭാഗങ്ങളും ഉപേക്ഷിച്ചുകൊണ്ട് സമയം ക്രമീകരിക്കപ്പെട്ടു. സമയക്കുറവുമൂലമായിരിക്കണം എല്ലാവര്‍ക്കും തിരനോട്ടം ഉണ്ടായിരുന്നില്ല. ആദ്യമായി രംഗത്തെത്തിയ ദുര്യോധനനും(താഴന്നകാലത്തിലുള്ളത്), രണ്ടാമതായെത്തിയ ബാണനും(തെക്കന്‍ ശൈലിയിലുള്ളത്), മൂന്നാമതായെത്തിയ ഉത്ഭവം രാവണനും(ഇടക്കാലത്തിലുള്ളത്) ആണ് തിരനോക്കുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാനമായപ്പോളേക്കും സമയത്തിന്റെ പ്രശ്നം ഇല്ല എന്നുകണ്ടതിനാലാണെന്നു തോന്നുന്നു ബാലിവിജയം രാവണനും, നരകാസുരനും തിരനോക്ക് അവതരിപ്പിക്കുകയുണ്ടായി. ഇതില്‍ കേശവന്‍ കുണ്ഡലായരുടെ നരകാസുരന്‍ ശ്ലോകശേഷം തിരയ്ക്കകത്തുള്ള ചടങ്ങുകള്‍ ഉപേക്ഷിച്ചുകൊണ്ട് നേരിട്ട് തിരനോട്ടത്തിലേയ്ക്ക് കടക്കുകയായിരുന്നു. കത്തിവേഷങ്ങള്‍ പൊതുവേ മേളപ്രധാനങ്ങളാണല്ലോ. അതിനാല്‍ തന്നെ ഈ പരിപാടിയുടെ വിജയത്തിന് മേളക്കാരുടെ പങ്ക് പരമപ്രധാനവുമാണല്ലോ. രാജസത്തില്‍ പങ്കെടുത്ത മേളക്കാര്‍ എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. എന്നാല്‍ ഗായകര്‍ ശരാശരി നിലവാരം മാത്രമെ പുലര്‍ത്തിയിരുന്നുള്ളു. രാജസവേഷങ്ങളുടെ രംഗങ്ങള്‍ പാടുവാനായി കുറച്ചുകൂടി ഘനശാരീരമുള്ള ഗായകരെ ഉള്‍പ്പെടുത്താമായിരുന്നു. സംഘാടകര്‍തന്നെ പരിപാടിയുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുന്നുണ്ടായിരുന്നു. ഇതിന് വിപണനോദ്ദേശം ഉളളതുകൊണ്ടായിരിക്കാം ഹാളില്‍ മറ്റുള്ളവര്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നത് നിരോധിച്ചിരുന്നു.
.
വൈകിട്ട് ഏഴുമണിയോടു കൂടി തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി അഡ്വ. രഞ്ജിനി സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍‌കുട്ടിനായര്‍ ‘രാജസം‘ ഉത്ഘാടനം ചെയ്തു. രാമന്‍‌കുട്ടിനായരാശാനെ ചടങ്ങില്‍ വെച്ച് തൃപ്പൂണിത്തുറ കഥകളികേന്ദ്രം പ്രസിഡന്റ് ഡോ. എ.കെ.സഭാപതി ആദരിക്കുകയുണ്ടായി.
.
തുടര്‍ന്ന് ആരംഭിച്ച രാജസത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം കഥയിലെ ദുര്യോധന്റെ ശൃഗാരപദം ഉള്‍ക്കോള്ളുന്ന രംഗമാണ്. ഇതില്‍ ആരാമലക്ഷ്മിയായ പത്നി ഭാനുമതിയുടെ രതികേളികളില്‍ പരവശനായ ദുര്യോധനനെ അവതരിപ്പിച്ചത് പത്മശ്രീ കലാമണ്ഡലം ഗോപിയാണ്. നായികയുടെ മുഖത്തെ ചന്ദ്രനെന്നുകരുതി പ്രിയവിരഹത്തെ ചിന്തിച്ച് ദു:ഖിക്കുന്ന കോകിയെ അവതരിപ്പിക്കുന്ന പ്രസിദ്ധമായ ‘ഏകലോചനം’ ആണ് ഈ രംഗത്തെ പ്രധാന ഭാഗം. കളരിചിട്ടക്കുകോട്ടമില്ലാതെ വെടിപ്പായി അവതരിപ്പിച്ചു എന്നതല്ലാതെ സാധാരണ അവതരിപ്പിക്കുന്ന പച്ചവേഷങ്ങളിലേതുപോലെ പ്രത്യേകതകളൊന്നും ഗോപിയാശാന്റെ ദുര്യോധനനില്‍ കണ്ടിരുന്നില്ല. ഭാനുമതിയായി ശ്രീ കലാമണ്ഡലം ഷണ്മുഖന്‍ വേഷമിട്ട ഈ രംഗത്തില്‍ ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ചേര്‍ന്ന് സംഗീതവും ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാമണ്ഡലം ശശിയും(മദ്ദളം) ചേര്‍ന്ന് മികച്ചരീതിയില്‍ മേളവും ഒരുക്കിയിരുന്നു.

.
രണ്ടാമതായി അരങ്ങിലെത്തിയത് കഥകളി തെക്കന്‍ ചിട്ടയിലെ ആചാര്യന്‍ ശ്രീ മടവൂര്‍ വാസുദേവന്‍ നായരാണ്. അപാരമായ കൈത്തരിപ്പുതീര്‍ക്കാന്‍ തന്റെ ഗോപുരപാലകനായ പരമശിവനെ യുദ്ധത്തിനു വിളിക്കുന്ന ബാണനായാണ് ഇദ്ദേഹം അരങ്ങിലെത്തിയത്. ബലകവി രാമശാസ്ത്രികളുടെ ബാണയുദ്ധം ആട്ടകഥയിലേതാണ് ‘ഗോപുരം’ എന്ന് പ്രസിദ്ധമായ ഈ രംഗം. അനുവദനീയമായ സമയത്തിനുള്ളില്‍ ഒരു ഭാഗവും വിടാതെ, വിസ്തരിക്കാതെ ഭംഗിയായും അനുഭവദായകമായും ഇദ്ദേഹം അവതരിപ്പിച്ചു. ‘ആശാന്‍ ഭംഗിയായി ചെയ്തു, ഒന്നുകൂടി വിസ്തരിക്കാമായിരുന്നു’ എന്ന് ആസ്വാദകരെ ചിന്തിപ്പിച്ചുകൊണ്ട് അദ്ദേഹം കടന്നുപോയി. മറ്റു കലാകാരന്മാര്‍ തങ്ങള്‍ക്ക് അനുവദനീയമായ സമയത്തില്‍ രംഗം തീര്‍ക്കുവാനായി ആട്ടഭാഗങ്ങളോ പദഭാഗങ്ങളോ ഉപേക്ഷിച്ചപ്പോള്‍ മടവൂരാശാന്‍ ഒന്നും ഉപേക്ഷിച്ചില്ല എന്നുള്ളതാണ് എടുത്തു പറയേണ്ടകാര്യം. ഒരുഭാഗവും ഉപേക്ഷിക്കാതെയും സമയദൈര്‍ഘ്യം വരുത്താതെയും അതേസമയം അനുഭവവേദ്യമായും ഈ വേഷം അവതരിപ്പിക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചത് ‘ആടിച്ചുരുക്കുക’ എന്ന കൈയ്യടക്കവിദ്യവശമുള്ളതിനാലാണ്. ഇന്നത്തെ കലാകാരന്മാരില്‍ ഭൂരിഭാഗത്തിനും ഈ വിദ്യ വശമില്ലെന്നുമാത്രമല്ല, ‘ആടിപരത്താനാണ്’ താല്‍പ്പര്യവും. ശ്രീ ആര്‍.എല്‍.വി. സുനില്‍ പള്ളിപ്പുറം ശിവനായും ശ്രീ രതീഷ് പാര്‍വ്വതിയായും ശ്രീ ആര്‍.എല്‍.വി.അഖില്‍ സുബ്രഹ്മണ്യനായും ശ്രീ ബിജോയ് ഗണപതിയായും ശ്രീ ആര്‍.എല്‍.വി.സുനില്‍ നന്ദികേശ്വരനായും ശ്രീ ബിജു ഭാസ്ക്കര്‍ ഭൂതഗണമായും വേഷമിട്ട ഈ രംഗത്തില്‍ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു പാടിയത്. ചെണ്ടയില്‍ ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും മദ്ദളത്തില്‍ ശ്രീ കലാനിലയം മനോജും അനുഗുണമായ മേളം പകര്‍ന്നുകൊണ്ട് മടവൂരാശാനെ പിന്തുണച്ചു.

.
കല്ലേക്കുളങ്ങര രാഘവപിഷാരടിയുടെ ‘രാവണോത്ഭവം’ കഥയിലെ സുപ്രധാനഭാഗമായ രാവണന്റെ തന്റേടാട്ടമാണ് മൂന്നാമതായി ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ‘ലോകേശാത്തവര പ്രതാപബലവാനായ’ രാവണനായി അരങ്ങിലെത്തിയ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അനുവദിച്ചതിലും കൂടുതല്‍ സമയമെടുത്തിരുന്നു എങ്കിലും മികച്ച പ്രകടനമാണ് ഇദ്ദേഹം കാഴ്ച്ചവെയ്ച്ചത്. വിസ്തരിച്ചുതന്നെ ആടിക്കൊണ്ടിരുന്ന ഇദ്ദേഹത്തിന് പലപ്പോഴും ‘സമയമേറുന്നു’ എന്ന് സംഘാടകരുടെ സന്ദേശങ്ങള്‍ അരങ്ങിലെത്തിയിരുന്നു. ഇതര കഥകളിലെ ആട്ടങ്ങളെ പോലെ തപസ്സാട്ടത്തിലെ ഏതെങ്കിലും ഒരു ഭാഗം വിട്ടുകളയുക എന്നത് പ്രായോഗികമല്ല. കൃത്യമായ താള-കാല പ്രമാണങ്ങളില്‍ ചിട്ടചെയ്ത് അഭ്യസിച്ചിരിക്കുന്ന ഈ തന്റേടാട്ടം അതിന്റേതായ സമയമെടുത്ത് ചെയ്താലെ ഭംഗിയുണ്ടാകു. എന്നു മാത്രമല്ല, മാറ്റങ്ങള്‍ പെട്ടന്ന് വരുത്തിയാല്‍ കലാകാരന്റെ പ്രകടനത്തില്‍ പാളിച്ചയും ഉണ്ടാകാം. ഇതിനാലായിരിക്കാം ബാലസുബ്രഹ്മണ്യന്‍ ഒട്ടും വെട്ടിചുരുക്കുവാന്‍ തയ്യാറാവാതിരുന്നതും. നേരത്തെപറഞ്ഞ കൈയ്യടക്കവിദ്യ വശമുണ്ടെങ്കിലെ ഈ ആട്ടത്തിന്റെ അനുഭവം ചോരാതെ ചുരുക്കുവാന്‍ സാധിക്കുകയുള്ളു. ഈ രംഗത്തില്‍ ശ്രീ കലാമണ്ഡലം വാസുദേവന്‍, ശ്രീ കലാമണ്ഡലം രാജേഷ് ബാബു എന്നിവരായിരുന്നു ഗായകര്‍. കലാ: ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം കൃഷ്ണദാസും ചേര്‍ന്ന് ചെണ്ടയിലും കലാ:ശശിയും ശ്രീ കലാമണ്ഡലം പ്രശാന്തും ചേര്‍ന്ന് മദ്ദളത്തിലും നല്ല മേളമൊരുക്കി. ഉത്ഭവത്തിന്റെ വിജയത്തില്‍ ഉണ്ണികൃഷ്ണന്റെ മേളത്തിന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.

.
പ്രണയകലഹിതയായ മണ്ഡോദരിയെ അനുനയിപ്പിക്കുന്ന സംഭോഗലാലസനായ രാവണനായിരുന്നു നാലാമതായി രംഗത്തുവന്ന കത്തി. പുതിയിക്കല്‍ തമ്പാന്‍ രചിച്ച കാര്‍ത്ത്യവീരാര്‍ജ്ജുനവിജയത്തിലെ ‘കമലദളം’ എന്ന പ്രസിദ്ധ രംഗത്തിലായിരുന്നു ഇത്. ചിട്ടപ്രധാനമായ ‘കമലദളോപമനയനെ’ എന്ന പതിഞ്ഞപദം ഉള്‍ക്കൊള്ളുന്ന ഈരംഗം ഭംഗിയായിതന്നെ ശ്രീ കലാമണ്ഡലം ശ്രീകുമാര്‍ അവതരിപ്പിച്ചു. എന്നാല്‍ അവസാനഭാഗം ചുരുക്കത്തില്‍ കഴിക്കുകയായിരുന്നു. പ്രത്യേകിച്ച് ‘ദാസിയാമുര്‍വ്വശി’ എന്ന പദഭാഗമൊക്കെ ഒട്ടും വിസ്തരിക്കാതെ തീര്‍ത്തിരുന്നു. ശ്രീ സദനം വിജയന്‍ മണ്ഡോദരി വേഷമിട്ടു. ഈ രംഗത്തിലെ പാട്ട് ശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണനും കലാനി:രാജീവനും ചേര്‍ന്നായിരുന്നു. കലാ:രാമന്‍ നമ്പൂതിരി ചെണ്ടയിലും ശ്രീ കലാമണ്ഡലം പ്രകാശന്‍ മദ്ദളത്തിലും മേളം പകര്‍ന്നു.

.
‘അഴകുരാവണന്‍‘ ആയിരുന്നു അഞ്ചാമത്തെ കത്തിവേഷം. കൊട്ടാരക്കര തമ്പുരാന്റെ തോരണയുദ്ധം ആട്ടക്കഥയിലെ, മാരതാപം സഹിയാഞ്ഞ് സര്‍വ്വാലങ്കാരവിഭൂഷിതനായി പരിവാരസമേതം അശോകവനികയില്‍ സീതാസമീപമെത്തുന്ന രാവണന്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചും തന്റെ കേമത്തങ്ങള്‍ പറഞ്ഞും സീതയെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുന്നതായ രംഗമാണ് അവതരിപ്പിക്കപ്പെട്ടത്. ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യരാണ് അഴകുരാവണനായി അഭിനയിച്ചത്. അഴകുരാവണന്റെ പുറപ്പാട് ഭാഗം വിസ്തരിക്കുകയുണ്ടായില്ല. ‘കൂരിരുള്‍ ഇടയുന്ന അണിനല്‍കുഴലില്‍’ എന്ന ആദ്യ ചരണവും ഉണ്ടായില്ല. രതീഷ് സീതയായും ബിജൂഭാസ്ക്കര്‍ മണ്ഡോദരിയായും ആര്‍.എല്‍.വി.സുനില്‍ പ്രഹസ്തനായും ആര്‍.എല്‍.വി.അഖിലും ബിജോയിയും കിങ്കരരായും വേഷമിട്ടു. കലാ:ഗോപാലകൃഷ്ണനും കലാ:വാസുദേവനും ചേര്‍ന്ന് പാടിയ ഈ രംഗത്തില്‍ കലാ: ഉണ്ണികൃഷ്ണനും ശ്രീ ഗോപീകൃഷ്ണന്‍ തമ്പുരാനും ചേര്‍ന്ന് ചെണ്ടയും കലാനി:മനോജും ശ്രീ കലാമണ്ഡലം വിനീതും ചേര്‍ന്ന് മദ്ദളവും കൈകാര്യം ചെയ്തു.

.
ഇരയിമ്മന്‍ തമ്പി രചിച്ച കീചകവധം കഥയിലെ പ്രസിദ്ധമായ ‘ഹരിണാക്ഷി’ എന്ന പദമുള്‍ക്കൊള്ളുന്ന രംഗമാണ് ആറാമതായി അവതരിപ്പിച്ചത്. സുദേഷ്ണയുടെ നിര്‍ദ്ദേശാനുസ്സരണം ഓദനവും മധുവും ശേഖരിക്കാനായി ഏകയായി തന്റെ ഗൃഹത്തിലെത്തുന്ന സൈരന്ധ്രിയെ സുഖമായി രമിക്കുവാന്‍ മഞ്ചത്തിലേയ്ക്കു ക്ഷണിക്കുന്ന കാമാസക്തചിത്തനായ കീചകനെ ശ്രീ കലാമണ്ഡലം പ്രദീപാണ് അവതരിപ്പിച്ചത്. കെട്ടിപഴക്കമില്ലായ്മയുടെ കുറവുകളുണ്ടേങ്കിലും പ്രദീപ് നന്നയിതന്നെ അഭിനയിച്ചിരുന്നു. എന്നാല്‍ നിഷേധിയായ സൈരന്ധ്രിയെ ബലമായി ഗ്രഹിക്കാനുറച്ച കീചകന്‍ അതിനു ശ്രമിക്കുന്നതിനുമുന്‍പായി, അനുവദിച്ച സമയം തികയ്ക്കുവാനെന്നോണം കുറെ ആട്ടങ്ങള്‍ ആടിയത് പ്രേക്ഷകരില്‍ വിരസതയുണര്‍ത്തി. തന്റെ വാക്കുകള്‍ അനുസ്സരിക്കാത്ത സൈരന്ധ്രിയോട് ക്രുദ്ധനായി ‘രണ്ടുപക്ഷമില്ല ഞാനും പൂണ്ടീടുവനിപ്പോള്‍’ എന്നു പറഞ്ഞ് അടുക്കുന്ന കീചകന്‍, പിന്നെയും ‘എന്റെ രാജ്ഞിയായി വാഴുമോ?’, ‘ഒരു നാള്‍ എന്റെ കൂടെ വസിക്കുമോ?’, ഒരു രാത്രി എന്റെ കൂടെ ശയിക്കുമോ?’, ‘ഒന്ന് ചുമ്പിക്കുവാന്‍ അനുവദിക്കുമോ?’, ‘ഒന്ന് ആലിംഗനം ചെയ്യാന്‍ മാത്രം അനുവദിക്കുമോ?’ എന്നിങ്ങനെ ചോദിച്ചുകൊണ്ട് ഇവിടെ വിസ്തരിക്കുന്നത് അനുചിതമെന്നു തോന്നി. കലാ:ഷണ്മുഖനാണ് സൈരന്ധ്രിയായെത്തിയത്. ‘ഭീതിപരിതാപപരിഭൂതയായ’ ലക്ഷണമൊന്നും ഇവിടെ സൈരന്ധ്രിയില്‍ കണ്ടില്ല. തന്റേടത്തോടെ നില്‍ക്കുന്ന ഒരു സൈരന്ധ്രിയായിരുന്നു ഷണ്മുഖന്റേത്. കലാ:ബാബു നമ്പൂതിരിയും കലാനി:രാജീവനും ചേര്‍ന്നായിരുന്നു പാട്ട്. ഈ പരിപാടിയിലെ ഏറ്റവും മോശമായ ആലാപനം ഈ ഹരിണാക്ഷിയുടേതായിരുന്നു. നടന്റെ പ്രവൃത്തികള്‍ക്ക് അനുഗുണമായി വര്‍ത്തിച്ചിരുന്നില്ല പാട്ട്. ഹരിണാക്ഷിപോലെയുള്ള പദങ്ങള്‍ താളനിബദ്ധമായ സംഗതികളോടെ പാടിയാലെ അരങ്ങത്ത് ശോഭിക്കുകയുള്ളു. ഈ രംഗത്തിന് ശ്രീ കോട്ടക്കല്‍ പ്രസാദ് ചെണ്ടയിലും കലാ:ശശി മദ്ദളത്തിലും മേളം പകര്‍ന്നു.

.
കുട്ടിത്തരം കത്തിവേഷങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഘടോല്‍കചനാണ് അടുത്തതായി രംഗത്തുവന്നത്. ജനിച്ച് ക്ഷണമാത്രയില്‍ വളര്‍ന്ന ഘടോല്‍ക്കചന്‍ ഉത്സാഹഭരിതനായി പ്രവേശിച്ച് അച്ഛനമ്മമാരായ ഭീമനേയും ഹിഡുംബിയേയും വന്ദിക്കുന്ന, കോട്ടയത്തുതമ്പുരാന്റെ ബകവധം കഥയിലെ രംഗമാണ് അവതരിപ്പിക്കപെട്ടത്. ഘടോല്‍കചനായി വേഷമിട്ട ശ്രീ ആര്‍.എല്‍.വി.പ്രമോദ് ഇനിയും അഭ്യാസപാടവം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നി. ഭീമനായി ശ്രീ സദനം മോഹനനും ഹിഡുംബി(ലളിത)യായി സദനം വിജയനും വേഷമിട്ടിരുന്നു. കലാനി:രാജീവനും കലാ:വാസുദേവനും ചേര്‍ന്ന് ഈ രംഗത്തിലെ സംഗീതവും കലാ:കൃഷ്ണദാസും(ചെണ്ട) കലാ:പ്രശാന്തും(മദ്ദളം) ചേര്‍ന്ന് മേളവും ഭംഗിയായി കൈകാര്യം ചെയ്തു.

.
രാജസത്തിലെ സ്ത്രീ പ്രാതിനിദ്ധ്യമായിരുന്ന ശ്രീമതി പാര്‍വ്വതി യു. മേനോനും ശ്രീമതി ഗീതാ വര്‍മ്മയുമാണ് തുടര്‍ന്ന് രംഗത്തെത്തിയത്. യഥാക്രമം ദുര്യോധനന്റേയും ദുശ്ശാസനന്റേയും വേഷങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്. പാണ്ഡവരുടെ പ്രൌഢമായ സഭാഗൃഹം കണ്ട് അസൂയാലുവാകുന്ന ദുര്യോധനന്‍ ദുശ്ശാസനാദികളോട് കൂടിയാലോചിക്കുന്ന രംഗമാണ് അവതരിപ്പിച്ചത്. വയസ്ക്കര ആര്യന്‍ മൂസ്സ് രചിച്ച ദുര്യോധനവധം ആട്ടകഥയിലേതാണ് ഈ രംഗം. ദുശ്ശാസന്റെ തിരനോക്കോടെയാണ് രംഗം ആരംഭിച്ചത്. ഈ രംഗത്തില്‍ കലാ:ബാബു നമ്പൂതിരിയും കലാ:രാജേഷ് ബാബുവും ചേര്‍ന്ന് സമ്പൃദായാനുഷ്ടിതമായ ആലാപനമാണ് കാഴ്ച്ചവെച്ചത്. കോട്ട:പ്രസാദ് ചെണ്ടയിലും കലാ:പ്രകാശന്‍ മദ്ദളത്തിലും മികച്ചമേളവും ഒരുക്കിയിരുന്നു.

.
ഒന്‍പതാമതായി കല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ ബാലിവിജയം ആട്ടകഥയിലെ, രാവണനെ കാണാന്‍ നാരദനെത്തുന്ന രംഗമാണ് അവതരിപ്പിക്കപ്പെട്ടത്. രാവണനായി ശ്രീ കോട്ടക്കല്‍ നന്ദകുമാരന്‍ നായരും നാരദനായി ശ്രീ ആര്‍.എല്‍.വി.ഗോപിയും അരങ്ങിലെത്തി. നാരദനോടുള്ള രാവണന്റെ ആട്ടം സാധാരണ വൈശ്രവണന്റെ ദൂതന്‍ പ്രവേശിക്കുന്ന ഭാഗം മുതലാണ് പതിവ്. ചിലപ്പോഴൊക്കെ രാവണന്റെ തപസ്സാട്ടം മുതലും ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ ഇതൊന്നും ഉണ്ടായില്ല. നേരേ കൈലാസോദ്ധാരണം ആട്ടത്തിലേയ്ക്ക് പ്രവേശിക്കുകയാണുണ്ടായത്. തുടര്‍ന്ന് പാര്‍വ്വതീവിരഹവും ആടുകയുണ്ടായി. എന്നാല്‍ ഇവകളിലെ പലഭാഗങ്ങളും വെട്ടിച്ചുരുക്കിയാണ് ആടിയിരുന്നത്. ഇതിനാല്‍ തന്നെ ഈ ആട്ടം പ്രേക്ഷകരെ പൂര്‍ണ്ണതൃപ്തരാക്കന്‍ പോന്നതായില്ല. ഈ രംഗത്തില്‍ പാടിയിരുന്നത് പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാ:രാജേഷ് ബാബുവും ചേര്‍ന്നായിരുന്നു. മേളം കലാ:രാമന്‍ നമ്പൂതിരിയും(ചെണ്ട) കലാനി:മനോജും(മദ്ദളം) ചേര്‍ന്നുമായിരുന്നു.

.
അവസാനമായി അവതരിപ്പിക്കപെട്ടത് കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ നരകാസുരവധം കഥയിലെ ചെറിയ നരകാസുരന്റെ പതിഞ്ഞപദശേഷമുള്ള ഭാഗമായിരുന്നു. ശബ്ദവര്‍ണ്ണന, നിണത്തിന്റെ കേട്ടാട്ടം, പടപ്പുറപ്പാട്, യുദ്ധം, സ്വര്‍ഗ്ഗജയം, ഐരാവതത്തിനെ നിലം‌പതിപ്പിക്കല്‍ എന്നിങ്ങനെയുള്ള ചടുലവും മേളപ്രധാനവുമായ ആട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ രംഗം ലഭ്യമായ ഒന്നരമണിക്കൂര്‍ സമയം ഉപയോഗിച്ചുകൊണ്ട് മനോഹരമായി അവതരിപ്പിച്ചു ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍. നരകാസുരപത്നിയായി ബിജുഭാസ്ക്കറും ഇന്ദ്രനായി സദനം മോഹനനും വേഷമിട്ടു. രാജസത്തില്‍ പങ്കെടുത്ത രണ്ടാംതരം കുട്ടിത്തരം വേഷക്കാരും തങ്ങളുടെതായ ഭാഗങ്ങള്‍ പിഴവുറ്റതാക്കിയിരുന്നു. ഇതിനൊരപവാദം സദനം മോഹനന്റെ ഇന്ദ്രന്‍ മാത്രമായിരുന്നു. ഇന്ദ്രന്റെ രംഗപ്രവൃത്തികളോ പദഭാഗത്തെ മുദ്രകളോ വേണ്ടവിധം മനസ്സിലാക്കാതെയാണ് ഇദ്ദേഹം അരങ്ങിലെത്തിയിരുന്നത് എന്ന് തോന്നുന്നു. ചെറിയനരകാസുരന്‍ ഒരു നല്ല അനുഭവമാക്കിതീര്‍ക്കുന്നതില്‍ മേളക്കാര്‍ നല്ല പങ്കുവഹിച്ചിരുന്നു. പ്രത്യേകിച്ച് കോട്ട:പ്രസാദ്. ഇദ്ദേഹം ഇത്രനന്നായി പണിയെടുക്കുന്നത് വളരെ അപൂര്‍വ്വമായെ കണ്ടിട്ടുള്ളു. കോട്ട:പ്രസാദിനൊപ്പം കലാ:കൃഷ്ണദാസും ഗോപീകൃഷ്ണന്‍ തമ്പുരാനുമായിരുന്നു ചെണ്ടകൊട്ടിയിരുന്നത്. മദ്ദളം കൊട്ടിയത് കലാ:പ്രകാശനും കലാ:വിനീതും ആയിരുന്നു.

.
ശ്രീ കലാമണ്ഡലം ശിവരാമനും ശ്രീ കലാനിലയം സജിയും ശ്രീ സദനം അനിലും ശ്രീ ഏരൂര്‍ മനോജുമായിരുന്നു രാജസത്തിലെ ചുട്ടികലാകാരന്മാര്‍.

ശ്രീ എരൂര്‍ ശശി, എരൂര്‍ സുരേന്ദ്രന്‍, ശ്രീ എം.നാരായണന്‍, ശ്രീ ചേര്‍ത്തല കുമാരന്‍, ശ്രീ തൃപ്പൂണിത്തുറ ശശി, ശ്രീ ചേര്‍ത്തല സുരേന്ദ്രന്‍, ശ്രീ ചന്ദ്രന്‍, ശ്രീ കണ്ണന്‍ എന്നിവരായിരുന്നു രാജസത്തിലെ അരങ്ങിലേയും അണിയറയിലേയും സഹായികള്‍.
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേയും എരൂര്‍ ഭവാനീശ്വരി കഥകളിയോഗത്തിന്റേതും കോപ്പുകളാണ് ഉപയോഗിച്ചിരുന്നത്.
സംഘാടകര്‍തന്നെ ‘തട്ടുകട’ സംവിധാനമൊരുക്കിയിരുന്നത് പുലരും വരെ നീളുന്ന രാജസത്തിനെത്തിയ സഹൃദയര്‍ക്ക് ഉപകാരപ്രദമായി തീര്‍ന്നിരുന്നു.