നളായനം ഒന്നാം ദിവസം

ആനമങ്ങാട് കഥകളിക്ലബ്ബിന്റെ ഇരുപത്തിആറാം വാര്‍ഷികം ഈ ഡിസംബറില്‍
പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍ ശദാബ്ദിനഗറില്‍(ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രസന്നിധി) വെച്ച് സമുചിതമായി ആഘോഷിക്കപ്പെട്ടു. ‘നളായനം’ എന്ന പേരില്‍ പുതുതലമുറക്കാരെ ഉള്‍പ്പെടുത്തി നടത്തിയ ചതുര്‍ദിന നളചരിതോത്സവമായിരുന്നു പ്രധാനപരിപാടി. എല്ലാ ദിവസവും വെകിട്ട് 5മുതല്‍ സോദാഹരണക്ലാസും ആറുമുതല്‍ കഥകളിയും നടന്നു. സ്കൂള്‍കുട്ടികള്‍ക്കായി നടത്തിയ ക്ലാസുകളിലൂടെ അവര്‍ക്ക് കഥകളിയേയും നളചരിതത്തേയും അടുത്തറിയുള്ള അവസരമൊരുക്കി. മൂന്നാം ദിവസത്തെ പീശപ്പള്ളിരാജീവന്റെ ക്ലാസ് സരസവും ലളിതവും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടതുമായിരുന്നു.




ഡിസബര്‍18ന് ഉച്ചതിരിഞ്ഞ് മൂന്നരമണിക്ക് ഇരട്ടകേളിയോടെ ആരംഭിച്ച
ആഘോഷപരിപാടികളില്‍ തുടര്‍ന്ന് ലളിതകലാ അക്കാദമി പുരസ്ക്കാരജേതാവ് ശ്യാമപ്രസാദിന്റെ ചിത്രപ്രദര്‍ശ്ശനം നടന്നു. ആര്‍ട്ടിസ്റ്റ് മദനനാണ് പ്രദര്‍ശ്ശനം ഉത്ഘാടനം ചെയ്തത്. തുടര്‍ന്ന് നടന്ന വാര്‍ഷികോത്ഘാടന സമ്മേളനത്തില്‍ ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. ഡോ:കെ.ജി.പൌലോസ് ഉത്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ വെച്ച്
മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ സുവര്‍ണ്ണമുദ്രയും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു. ചടങ്ങില്‍ കെ.ബി.രാജാനന്ദ്, ഡോ:എന്‍.പി.വിജയകൃഷ്ണന്‍, പാലനാട് ദിവാകരന്‍, ജയ അവനൂര്‍, ശ്രീചിത്രന്‍,
എന്‍.പീതാംബരന്‍(ആനമങ്ങാട് കഥകളിക്ലബ്ബ് പ്രസിഡന്റ്) തുടങ്ങിയവരും സന്നിഹിതരായിരുന്നു.



തുടര്‍ന്ന് കലാമണ്ഡലം രൂപേഷ്, കലാമണ്ഡലം അതുല്‍ പങ്കജ് എന്നിവര്‍ അവതരിപ്പിച്ച
പുറപ്പാടോടെ കഥകളി ആരംചിച്ചു. സാധാരണ പുറപ്പാട് തന്നെയാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇവിടെ നളത്തപ്പെടുന്നത് നളചരിതോത്സവമായതിനാല്‍ നളചരിതം പുറപ്പാട് തന്നെ അവതരിപ്പിക്കുകയായിരുന്നു ഉചിതം. ശ്രീരാഗ് വര്‍മ്മയും നവീന്‍രുദ്രനും ചേര്‍ന്നായിരുന്നു പുറപ്പാടിന് പാടിയത്.



“ഭഗവന്‍ നാരദാ വന്ദേഹം”
നളചരിതം ഒന്നാം ദിവസം കഥയാണ് അന്ന് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ നളനായി
കലാമണ്ഡലം പ്രദീപ് വേഷമിട്ടു. നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു എങ്കിലും പ്രവൃത്തികളില്‍ ഒന്നുകൂടി വൃത്തിവരുത്തുവാന്‍ പ്രദീപ് ശ്രദ്ധിച്ചാല്‍ നന്ന്. കഥയേയും കഥാപാത്രത്തേയും ഒന്നുകൂടി ഉള്‍ക്കൊള്ളുകയും അവശ്യമാണ്. നളന് ദമയന്തിയോടുള്ളത് അവയവബന്ധിയായ വെറും കാമം അല്ല മറിച്ച് ശുദ്ധപ്രണയം ആണ് എന്ന് ഇദ്ദേഹം മനസ്സിലാക്കിയതായി തോന്നിയില്ല. ഹംസത്തിന്റെ നിര്‍ദ്ദേശാനുസ്സരണം ഉദ്യാനവാസം മതിയാക്കി കൊട്ടാരത്തിലേയ്ക്ക് മടങ്ങുവാന്‍ നളന്‍ സമ്മതിക്കുന്നതായി കണ്ടു. ഇത് കഥാഗതിക്ക് ചേര്‍ന്നതല്ലല്ലോ.



“നൈഷധാ കേള്‍ക്ക നീ”
ഹംസമായേത്തിയ സദനം ഭാസിയും നന്നായി എങ്കിലും ആട്ടങ്ങളിലും കലാശാദികളിലും
ഒന്നുകുടി ഒതുക്കം വരുത്തിയാല്‍ ഭംഗി വര്‍ദ്ധിക്കും എന്ന് തോന്നി. ഹംസത്തിന്റെ നൃത്താത്മകമായ അവതരണം പൂര്‍ണ്ണമായി ഇവിടെ ചെയ്തുകണ്ടില്ല. അനുഗുണമായുള്ള ഗീതവാദ്യങ്ങളുടെ അഭാവവും ഇദ്ദേഹത്തിന്റെ പ്രകടനത്തിന്റെ പൊലിമനഷ്ടപ്പെടുത്തുവാന്‍ കാരണമായി.




“വിധുമുഖിയുടെ രൂപ..”
നാരദനായി കലാമണ്ഡലം ഹരിനാരായണനും ദമയന്തിയായി ഹരിപ്രിയ നമ്പൂതിരിയും
സഖിമാരായി കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം കാശീനാഥ് എന്നിവരും അരങ്ങിലെത്തി.



“ശിവ ശിവ
നെടുമ്പുള്ളി രാം‌മോഹനും കോട്ടക്കല്‍ വെങ്ങേരി നാരായണനും ചേര്‍ന്നുള്ള പാട്ട് ശരാശരി
നിലവാരം പുലര്‍ത്തിയിരുന്നു. എന്നാല്‍ നൃത്തബന്ധിതമായി ചെയ്യുന്ന ഹംസത്തിന്റെ പദങ്ങള്‍ പാടുന്നതില്‍ ഇവര്‍ ഇനിയും ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു.



“ഊര്‍ജ്ജിതാശയ”
സദനം രാമകൃഷ്ണന്റെ ചെണ്ട ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍ കലാനിലയം
ജനാര്‍ദ്ദനന്റെ മദ്ദളം കൊണ്ട് അരങ്ങില്‍ യാതൊരു ശല്യവും ഉണ്ടായിരുന്നില്ല.



“സോമനും രോഹീണിതാനും”

കലാമണ്ഡലം രവി ആയിരുന്നു ഈ ദിവസത്തെ ചുട്ടികലാകാരന്‍.



“ചപലനെന്നുപുനരെന്നെ”
വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ്, കാറല്‍മണ്ണ സംഘാടനം ചെയ്ത നളായനം
കളികള്‍ക്ക് മഞ്ചുതര,മാങ്ങോടിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകനും സംഘവുമായിരുന്നു.

1 അഭിപ്രായം:

Haree പറഞ്ഞു...

‘നളായണ’മല്ല, ‘നളായന’മാണ് ശരി - നളന്റെ യാത്ര എന്നര്‍ത്ഥം.
--