കെ.പി.സി.മാഷിന്റെ അശീതി

കെ.പി.സി.ഭട്ടതിരിപ്പാടിന്റെ അശീതി 05/06/10ന് 
തൃശ്ശൂര്‍ ചേര്‍പ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ വെച്ച് സമുചിതമായി ആഘോഷിക്കപ്പെട്ടു. കഥകളി ഉള്‍പ്പെടെയുള്ള കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 2മുതല്‍ ആരംഭിച്ച പരിപാടികളില്‍ അക്ഷരശ്ലോകസദസായിരുന്നു ആദ്യം. തുടര്‍ന്ന് മാസ്റ്റര്‍ യദു.എസ്സ്.മാരാരുടെ തായമ്പക, വി.ആര്‍.ദിലീപ്‌കുമാറിന്റെ സംഗീതകച്ചേരി, പെരുവനം ശങ്കരനാരായണമാരാരുടെ അഷ്ടപദി, കലാമണ്ഡലം രാമചാക്ക്യാരുടെ പുരുഷാര്‍ത്ഥകൂത്ത്(രാജസേവ) എന്നിവയും നടന്നു. രാത്രി 11മുതലാണ് കഥകളി ആരംഭിച്ചത്. 
പുറപ്പാട്
കലാമണ്ഡലം ചിനോഷ്(ശ്രീകൃഷ്ണവേഷം) 
കലാമണ്ഡലം കാശിനാഥന്‍(രുഗ്മിണിവേഷം) എന്നിവര്‍ചേര്‍ന്ന് പുറപ്പാട് അവതരിപ്പിച്ചു. അഭിജിത്ത് വര്‍മ്മ, ശ്രീരാഗ് വര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് പുറപ്പാടിന് പാടിയത്.
‘ഉപായം വദ’
കാലകേയവധം കഥയാണ്(ഉര്‍വ്വശിമുതല്‍ അര്‍ജ്ജുനന്റെ പോരുവിളിവരെ) 
ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. കലാമണ്ഡലം ഷണ്മുഖന്‍ ഉര്‍വ്വശിയെ കളരിചിട്ടയനുസ്സരിച്ച് ഭംഗിയായി അവതരിപ്പിച്ചിരുന്നു.
‘സുന്ദരീ തവ’
സഖിയായെത്തിയത് കലാ:കാശിനാഥന്‍ ആയിരുന്നു.
‘സ്മരസായക’
കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും 
നെടുമ്പുള്ളി രാം‌മോഹനും ചേര്‍ന്ന് ചിട്ടപ്രധാനമായ ഉര്‍വ്വശിയുടെ ഭാഗം മനോഹരമായിതന്നെ പാടിയിരുന്നു.  എന്നാല്‍ ഉര്‍വ്വശിയുടെ പദത്തിലെ ‘പണ്ടുകാമനെ’ എന്ന ആദ്യചരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.
‘സൌഖ്യമല്ലെതുമഹൊ’
ഈ ഭാഗത്ത് കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ മദ്ദളത്തില്‍ 
നല്ലമേളവും ഉതിര്‍ത്തിരുന്നു.
ഉര്‍വ്വശീശാപം

ഉര്‍വ്വശീശാപം
അര്‍ജ്ജുനവേഷത്തിലെത്തിയ കലാമണ്ഡലം മയ്യനാട് രാജീവന്‍ 
തരക്കേടില്ലാത്ത ഭാവാഭിനയത്തോടുകൂടി ഭംഗിയായി തന്റെ വേഷം അവതരിപ്പിച്ചു.
‘ദൈവമേ ഹാ ഹാ’
കലാമണ്ഡലം വിപിനാണ് ഇന്ദ്രനായി വേഷമിട്ടിരുന്നത്.
ഈ ഭാഗത്ത് മേളം കൈകാര്യം ചെയ്തത് കലാമണ്ഡലം 
ഹരീഷും(ചെണ്ട) കലാനിലയം പ്രകാശനും(മദ്ദളം) ചേര്‍ന്നായിരുന്നു. നല്ല ഈടും വ്യക്തതയും തോന്നിച്ചിരുന്നു ഹരീഷിന്റെ കൊട്ടിന്.
രാജസൂയം കഥയാണ് രണ്ടാമതായി ഇവിടെ അവതരിപ്പിച്ചിരുന്നത്. 
ഇതില്‍ ജരാസന്ധനായെത്തിയ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ഔചിത്യമാര്‍ന്ന ആട്ടങ്ങളിലൂടെയും അഭിനയത്തിലൂടെയും തന്റെ വേഷം ഭംഗിയാക്കി.
‘ദ്വന്ദ്വയുദ്ധം ദേഹി’
കൃഷ്ണബ്രാഹ്മണവേഷത്തിലെത്തിയ കലാ:ഷണ്മുഖന്‍ 
തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. എന്നാല്‍  ബ്രാഹ്മണവേഷമിട്ട കലാ:കാശിനാഥന്‍, കലാ:ബാജിയോ, കൃഷ്ണവേഷമിട്ട കലാ:ചിനോഷ്, അര്‍ജ്ജുനനായെത്തിയ കലാ:വിപിന്‍ എന്നിവരൊന്നും കഥാസന്ദര്‍ഭമോ കഥാപാത്രത്തേയോ വേണ്ടത്ര ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതായി കണ്ടില്ല.
‘ഭവതാമതി ചിത്രമഹോ’
കലാമണ്ഡലം നീരജാണ് ഭീമന്‍, ധര്‍മ്മപുത്രന്‍ എന്നീവേഷങ്ങള്‍ കൈകാര്യം ചെയ്തത്.
ശിശുപാലവേഷത്തിലെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ 
നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നതെങ്കിലും കെട്ടിപഴക്കകുറവിന്റേതായ ചില പ്രശ്നങ്ങളും തോന്നിച്ചിരുന്നു.
കാലകേയവധത്തില്‍ ഉര്‍വ്വശിക്കുശേഷമുള്ള രംഗങ്ങളിലും 
രാജസൂയത്തിനും പൊന്നാനിയായി പാടിയ നെടുമ്പുള്ളി രാം‌മോഹന്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. കത്തിയുടെയും താടിയുടെയും പദങ്ങളിലും‍, പോരുവിളി-യുദ്ധപദങ്ങളിലും അമിതസംഗീതപ്രയോഗങ്ങള്‍ ചെലുത്താതെ തുറന്നുപാടുന്ന നല്ലഅരങ്ങുപാട്ടിന്റെ പഴയരീതിതന്നെയാണ് രാം‌മോഹന്‍ അനുവര്‍ത്തിക്കുന്നതായി കണ്ടത്. പുതുതലമുറ ഗായകരില്‍ ഈരീതിയിലുള്ള അരങ്ങുപാട്ട് പിന്തുടരുന്നവര്‍ വിരളമാണ്. കലാമണ്ഡലം സുധീഷ്, കോട്ടക്കല്‍ സന്തോഷ് എന്നിവരായിരുന്നു സഹഗായകര്‍.
മേളപ്രധാനമായ രാജസൂയത്തിന് കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, 
കോട്ടക്കല്‍ പ്രസാദ്, കലാ:ഹരീഷ് എന്നിവര്‍ ചെണ്ടയിലും കലാമണ്ഡലം ഹരിദാസ്, കലാനി:പ്രകാശന്‍ എന്നിവര്‍ മദ്ദളത്തിലും മികച്ച് മേളവും ഒരുക്കിയിരുന്നു.
‘ഇത്തരം മത്സ്വാമിതന്നെ...’
മൂന്നാമത് കഥയായി അവതരിപ്പിക്കപ്പെട്ട കിരാതം കഥയില്‍ 
അര്‍ജ്ജുനനായി വേഷമിട്ട കലാമണ്ഡലം അരുണ്‍ വാര്യര്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചു. പൊക്കമുള്ളതും തടികുറഞ്ഞതുമായ ശരീരപ്രകൃതിയും മുഖവും നീണ്ടവിരലുകളോടുകൂടിയ കൈകളും ഉള്ള അരുണിന്റെ പച്ചവേഷം കാണുമ്പോള്‍ ഗോപിയാശാന്റെ പഴയകാലത്തെ പച്ചവേഷത്തിന്റെ സ്മരണയുണര്‍ത്തുന്നു. സദനം കൃഷ്ണദാസ് കാട്ടാളനായി അരങ്ങിലെത്തി.
‘ഗൌരീശം മമ കാണാകേണം’
ഈ കഥയ്ക്ക് പൊന്നാനി പാടിയത് കലാ:സുധീഷും 
കോട്ട:സന്തോഷും ആയിരുന്നു. അഭിജിത്ത് വര്‍മ്മ, ശ്രീരാഗ് വര്‍മ്മ, നവീന്‍ രുദ്രന്‍ എന്നിവരായിരുന്നു സഹഗായകര്‍.
ഈ കഥയ്ക്ക് കോട്ടക്കല്‍ പ്രസാദ്, കലാ:ഹരീഷ് എന്നിവര്‍ 
ചെണ്ടയും കലാമണ്ഡലം ഹരിദാസ്, കലാനി:പ്രകാശന്‍ എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു.
‘ദുഷ്ടാ കാട്ടാളാ.....’
കലാമണ്ഡലം സതീശനും കലാമണ്ഡലം സുകുമാരനും 
ചുട്ടികുത്തിയിരുന്ന ഈ കളിക്ക് കലാതരഗിണി,ചെറുതുരുത്തിയുടേതായിരുന്നു കളിയോഗം.
‘കര്‍മ്മണാ മനസാ വാചാ...’

4 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

നല്ല ആസ്വാദനം . യുവ കഥകളി കലാകാരന്‍മാര്‍ രംഗത്ത് പ്രകാശിക്കട്ടെ.

Neerav പറഞ്ഞു...

എന്റെ നാട്ടില്‍ വെച്ച് നടന്ന പരിപാടിയെക്കുറിച്ച് വായിച്ചപ്പോള്‍ സന്തോഷം തോന്നി. ഈ കളി കാണാന്‍ ഞാനും ഉണ്ടായിരുന്നു. പറ്റിയാല്‍ പരിചയപ്പെടാമായിരുന്നു.

എഴുത്തിനും ചിത്രങ്ങള്‍ക്കും ഒരുപാടു നന്ദി.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

അബുചേട്ടാ,
നന്ദി.

നവനീത്,
പരിചയപ്പെടാമായിരുന്നു......

ആസ്വാദകൻ പറഞ്ഞു...

മണി സാറെ..ഒരുമിച്ചിരുന്നു കളി കാണാൻ വീണ്ടു കൊതിപ്പിക്കും അങ്ങെടെ കളി വിവരണം.കളി കഴിഞുള്ള യാത്രാ വിവരണം കൂടി ഉൽ‌പ്പെടുത്താം...ഓളത്തിൽ..താളത്തിൽ..