ഇരിങ്ങാലക്കുട കഥകളിക്ലബ്ബ് വാര്‍ഷികം

ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളിക്ലബ്ബ്, 
ഇരിങ്ങാലക്കുടയുടെ മുപ്പത്തിയാറാമത് വാര്‍ഷികം 25/01/2011ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം ഹാളില്‍വെച്ച് ആഘോഷിക്കപ്പെട്ടു. വൈകിട്ട് 6:30ന് അഗ്നിശര്‍മ്മന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തോടെയാണ് ആഘോഷപരിപാടികള്‍ ആരംഭിച്ചത്. എം.എ.അരവിന്ദാക്ഷന്‍ സ്വാഗതമാശംസിച്ച സമ്മേളനം കേരളകലാമണ്ഡലം വൈസ് ചാന്‍സിലര്‍ ജെ.പ്രസാദ് ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് ഡോ.ജെ.പ്രസാദ് ഈ വര്‍ഷത്തെ പുരസ്ക്കാരസമര്‍പ്പണങ്ങളും നിര്‍വഹിച്ചു. ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളിപുരസ്ക്കാരം പ്രശസ്തകഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം നാരായണന്‍ നമ്പൂതിരിക്കും, പി.ബാലകൃഷ്ണന്‍ സ്മാരക കഥകളി എന്‍ഡോവ്മെന്റ് കഥകളി വിദ്യാര്‍ത്ഥി കോട്ടക്കല്‍ കൃഷ്ണദാസിനും, എം.എസ്സ്.നമ്പൂതിരി ജന്മശദാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയ എം.എസ്സ്.നമ്പൂതിരി ജന്മശദാബ്ദി കഥകളി പുരസ്ക്കാരം പ്രശസ്ത കഥകളിനടന്‍ പെരിയാനമ്പറ്റ ദിവാകരനുമാണ് സമ്മാനിക്കപ്പെട്ടത്. പുരസ്ക്കാരജേതാക്കളെ അനുമോദിച്ചുകൊണ്ട് സദനം ബാലകൃഷ്ണന്‍ സംസാരിച്ച ചടങ്ങില്‍ ഇ.ബാലഗംഗാധരന്‍ കൃതജ്ഞതയും പറഞ്ഞു.
ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളിപുരസ്ക്കാരം കലാമണ്ഡലം നാരായണന്‍ നമ്പൂതിരി ഏറ്റുവാങ്ങുന്നു.

പി.ബാലകൃഷ്ണന്‍ സ്മാരക കഥകളി എന്‍ഡോവ്മെന്റ് കോട്ടക്കല്‍ കൃഷ്ണദാസ് ഏറ്റുവാങ്ങുന്നു

എം.എസ്സ്.നമ്പൂതിരി ജന്മശദാബ്ദി കഥകളി പുരസ്ക്കാരം പെരിയാനമ്പറ്റ ദിവാകരന്‍ എറ്റുവാങ്ങുന്നു
തുടര്‍ന്ന് 9മണി മുതല്‍ കഥകളിയും അവതരിപ്പിക്കപ്പെട്ടു. 
നാലുനോക്കുകളോടുകൂടിയ പുറപ്പാടോടെയാണ് കളി ആരംഭിച്ചത്. ഇന്ദ്രന്‍, അഗ്നി,യമന്‍, വരുണന്‍ എന്നീ നാലുവേഷങ്ങള്‍ പങ്കെടുത്ത പുറപ്പാട് പതുമയാര്‍ന്നതായി. സന്ദാനഗോപാലം പുറപ്പാടിന്റെ പദങ്ങള്‍തന്നെയാണ് പാടിയിരുന്നത്. ഇന്ദ്രനായി കലാമണ്ഡലം ഷണ്മുഖദാസും, അഗ്നിയായി ആര്‍.എല്‍.വി.സിനില്‍കുമാറും, യമനായി കലാനിലയം സുന്ദരനും, വരുണനായി ആര്‍.എല്‍.വി.പ്രമോദുമാണ് അരങ്ങിലെത്തിയത്. കലാനിലയം രാജീവനും കലാനിലയം ബാബുവും ചേര്‍ന്ന് പദങ്ങള്‍ പാടിയ പുറപ്പാടിന് കലാനിലയം രതീഷ് ചെണ്ടയിലും കലാനിലയം മണികണ്ഠന്‍ മദ്ദളത്തിലും മേളം പകര്‍ന്നു.
പുറപ്പാട്
നളചരിതം ഒന്നാംദിവസം കഥയുടെ
ഉത്തരഭാഗമാണ് ആദ്യമായി ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ദമയന്തിയെ കണ്ട് ഹംസം നളന്റെ സമീപത്തില്‍ മടങ്ങിയെത്തുന്നതുമുതല്‍ ദമയന്തീസ്വയംവരം വരെയുള്ള ഭാഗത്തെ പതിവുള്ള രംഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. 
‘ത്വരിതം പറന്നു നിഷധേന്ദ്രസന്നിധൌ’
ഹംസമായി വേഷമിട്ടിരുന്നത് ഇ.കെ.വിനോദ് വാര്യര്‍ ആയിരുന്നു.
‘ഡിംഭനാമെന്നോടോരോ ദംഭമരുതേ..’
 നളവേഷത്തിലെത്തിയ കലാമണ്ഡലം ഗോപി 
നല്ല പ്രകടനം കാഴ്ച്ചവെച്ചു. മടങ്ങിയെത്തിയ ഹംസത്തിനോട് വിവരങ്ങള്‍ ചോദിച്ചറിയുന്ന ഭാഗത്തെ തിടുക്കം, ദേവന്മാരോടുഭക്തിയുണ്ടെങ്കിലും അവര്‍ ദൂതനായി ദമയന്തീ സമീപത്തേയ്ക്ക് പോകാന്‍ ആവശ്യപ്പെടുമ്പോഴുള്ള ധര്‍മ്മസങ്കടം, ദമയന്തിയെ അടുത്തുകാണുമ്പോള്‍ കാമുകഭാവം വിരിയുന്നുവെങ്കിലും പെട്ടന്ന് മനസ്സ് നിയന്ത്രിച്ച് ദൂതഭാവം കൈവരിക്കുകയും സാമദാനഭേദ ഉപായങ്ങള്‍ പറഞ്ഞ് ദൂത്യം ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്നത്, ദേവകള്‍ ഏല്‍പ്പിച്ച ദൌത്യം വിജയിച്ചില്ലായെങ്കിലും ദമയന്തിയുടെ ദൃഢമായ വാക്കുകളിലൂടെ അവളുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാനായതിനാല്‍ സന്തോഷവാനായുള്ള മടക്കം, ഇങ്ങിനെ നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ അടങ്ങുന്ന ഈ ഭാഗത്തെ നളനെ ഗോപിയാശാന്‍ ഭംഗിയായിതന്നെ അവതരിപ്പിച്ചു. ഹംസത്തില്‍ നിന്നും ദമയന്തിയുടെ വിവരങ്ങള്‍ അറിഞ്ഞ നളന്‍ ഉദ്യാനവാസം അവസാനിപ്പിച്ച് കൊട്ടാരത്തിലേയ്ക്ക് മടങ്ങുവാനായി സൂതനെ വിളിച്ച് തേര്‍ വരുത്തി, അതില്‍ കയറിയാണ് മടങ്ങിപോകുന്നതായാണ് ആടി കണ്ടത്. രാജാവിന്റെ ഉദ്യാനം കൊട്ടാരത്തില്‍ നിന്നും വളരെ ദൂരത്ത് ആയിരിക്കുകയില്ലല്ലോ. എന്നതുകൊണ്ടുതന്നെ തേരിലേറി പോകേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. തന്നെയുമല്ല പൂര്‍വ്വഭാഗത്ത് മന്ത്രിയെ രാജ്യഭരണമേല്‍പ്പിച്ച് ഉദ്യാനത്തിലേയ്ക്ക് തേരില്‍ കയറി വരുന്നതായി ആടാറുമില്ലല്ലൊ.
‘വാങ്ഛയൊടു നികടഭുവി കണ്ടു’

‘ഹേ മഹാനുഭാവ...’
ദമയന്തിയായി അരങ്ങിലെത്തിയ മാര്‍ഗ്ഗി വിജയകുമാര്‍ 
പതിവുപോലെ ചൊല്ലിയാട്ടഭംഗി, അഭിനയം, പാത്രബോധം ഇവകളോടെതന്നെ ഈവേഷത്തെ ഭംഗിയായി അവതരിപ്പിച്ചിരുന്നു.
‘ഈശന്മാരെന്തു വിചാരലേശം കൂടാതെ’

‘ഞാനൊരു രാജഭാര്യയെന്നാശയെ ധരിപ്പതി....’
സരസ്വതിയായി അരങ്ങിലെത്തിയ കലാമണ്ഡലം 
വിജയകുമാറും നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചു.
‘ബാലേ..സ്ദ്ഗുണലോലേ...’
പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാനി:രാജീവനും 
ചേര്‍ന്ന് സംഗീതവും കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട) കലാമണ്ഡലം നാരായണന്‍ നമ്പീശനും(മദ്ദളം) ചേര്‍ന്ന് മേളവും ഭംഗിയായി കൈകാര്യം ചെയ്തപ്പോള്‍ ഈ നളചരിതം ഉത്തരഭാഗം അവതരണം ഹൃദമായി.
‘കനക്കുമര്‍ത്ഥവും...’
ലവണാസുരവധം കഥയാണ് രണ്ടാമതായി ഇവിടെ 
അവതരിപ്പിച്ചിരുന്നത്. ഇതില്‍ സീതയായി കലാമണ്ഡലം കെ.ജി.വാസുദേവന്‍ അരങ്ങിലെത്തി.
കുശനായി സദനം കൃഷ്ണദാസും ലവനായി 
സദനം സദാനന്ദനും വേഷമിട്ടു. ഹനുമാനുമായി ചേര്‍ന്നുള്ള അഷ്ടകലാശം ഉള്‍പ്പെടെ അനേകം കലാശങ്ങളും യുദ്ധവട്ടങ്ങളും ഉള്‍പ്പെടുന്ന ഈ കുട്ടിത്തരം വേഷങ്ങളുടെ അവതരണം പാത്രബോധത്തോടെ തന്നെ ഇരുവരും ഭംഗിയായി കൈകാര്യം ചെയ്തിരുന്നു. 
ബ്രാഹ്മണബാലന്മാരായി ആര്‍.എല്‍.വി.സുനില്‍കുമാറും 
ആര്‍.എല്‍.വി.പ്രമോദുമാണ് അരങ്ങിലെത്തിയത്.
ശത്രുഘ്നവേഷത്തിലെത്തിയ കോട്ട:കൃഷ്ണദാസും നല്ല പ്രകടനമാണ് 
കാഴ്ച്ചവെച്ചത്. 

പ്രധാനവേഷമായ ഹനുമാനായെത്തിയത് 
സദനം ബാലകൃഷ്ണനായിരുന്നു. കീഴ്പ്പടം ശൈലിയില്‍ ഭക്തിരസപ്രധാനമായി ഇദ്ദേഹം ഹനുമാനെ അവതരിപ്പിച്ചു. 
കലാ:നാരായണന്‍ നമ്പൂതിരിയും സദനം ശിവദാസും 
ചേര്‍ന്നാണ് ഈ കഥയിലെ പദങ്ങള്‍ പാടിയത്.
‘ഹന്ത ഹന്ത ഹനുമാനേ...’
മേളപ്രധാനമായ ലവണാസുരവധത്തിന് സദനം 
രാമകൃഷ്ണന്‍ ചെണ്ടയിലും സദനം ദേവദാസന്‍ മദ്ദളത്തിലും മികച്ച മേളംകൂടി ഒരുക്കിയപ്പോള്‍ ഈ അവതരണം അവിസ്മരണീയമായിതീര്‍ന്നു.
ഈ ദിവസം അവസാനമായി അവതരിപ്പിക്കപ്പെട്ടത് 
കിരാതം കഥയായിരുന്നു. അര്‍ജ്ജുനന്റെ തപസ്സ് മുതല്‍ അവതരിപ്പിക്കപ്പെട്ട കിരാതത്തില്‍ അര്‍ജ്ജുനനായി വേഷമിട്ടത് കലാനിലയം ഗോപിനാഥനാണ്. കാട്ടാളവേഷത്തിലെത്തിയത് പെരിയാനമ്പറ്റ ദിവാകരനായിരുന്നു. വേട്ടക്കൊരുമകന്റെ ജനനം ഉള്‍പ്പെടെയുള്ള ആട്ടങ്ങളോടെ ഇദ്ദേഹം തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചു.
കാട്ടാളസ്ത്രീയായി വേഷമിട്ട വെള്ളിനേഴി ഹരിദാസന്‍ 
നല്ല പാത്രബോധത്തോടെ അരങ്ങില്‍ വര്‍ത്തിച്ചിരുന്നു. യുദ്ധത്തിനിടയില്‍ ഇടപെടുന്ന കാട്ടാളസ്ത്രീയോട് അര്‍ജ്ജുനന്‍ കയര്‍ത്തു ചെല്ലുമ്പോഴും പാര്‍ത്ഥനോടുള്ള വാത്സല്യഭാവം വിടാതെ വര്‍ത്തിച്ചിരുന്നു ഇദ്ദേഹം. മറ്റു പല കാട്ടാളസ്ത്രീകളും അര്‍ജ്ജുനന്‍ കയര്‍ക്കുന്നതോടെ പേടിച്ചഅരണ്ട് കാട്ടാളന്റെ പിന്നില്‍ അഭയം തേടുന്നതായും തുടര്‍ന്ന് അര്‍ജ്ജുനനോട് യുദ്ധം ചെയ്യാന്‍ കാട്ടാളനെ പ്രേരിപ്പിക്കുന്നതായും ഇന്ന് അരങ്ങില്‍ കാണാറുണ്ട്. ആളറിയാതെ പറയുന്ന അര്‍ജ്ജുനന്റെ വാക്കുകള്‍ കേട്ട് വേടനാരീരൂപത്തിലുള്ള സര്‍വ്വലോകേശ്വരിയായ പാര്‍വ്വതി പേടിച്ചോടേണ്ട കാര്യമില്ലല്ലൊ.
കുട്ടികാട്ടാളനായി ആര്‍.എല്‍.വി.സുനില്‍കുമാറും 
ശിവനായി സദനം സദാനന്ദനും പാര്‍വ്വതിയായി ആര്‍.എല്‍.വി.പ്രമോദും അരങ്ങിലെത്തി. സദനം ശിവദാസനും കലാനി:ബാബുവും ചേര്‍ന്നായിരുന്നു കിരാതത്തിലെ പദങ്ങള്‍ ആലപിച്ചത്. കലാമണ്ഡലം ഹരീഷും കലാനി:രതീഷും ചെണ്ടയും കലാമണ്ഡലം വേണു മദ്ദളവും കൈകാര്യം ചെയ്തു.
ഈ കളിക്ക് ചുട്ടികുത്തിയിരുന്നത് കലാമണ്ഡലം 
ശിവരാമന്‍, കലാനിലയം സജി, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ ചമയങ്ങള്‍ ഉപയോഗിച്ചിരുന്ന കളിക്ക് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് എം.നാരായണന്‍, മുരളി, നാരായണന്‍, സേതു, വാസു എന്നിവരായിരുന്നു.

ആദരണീയം

എഴുപത്തിഅഞ്ചാം ജയന്തി ആഘോഷിക്കുന്ന 
കാഞ്ചി കാമകോടിപീഠാധിപതി ജഗത്ഗുരു ജയേന്ദ്രസരസ്വതി സ്വാമികള്‍ക്കും പ്രശസ്ത കഥകളിആചാര്യന്‍ സദനം കൃഷ്ണന്‍‌കുട്ടിക്കും തൃശ്ശൂര്‍ സംസ്കൃതിക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ സ്വീകരണമൊരുക്കി. 04/012011ന് വൈകിട്ട് 9മണിക്ക് ഗുരുവായൂര്‍ ശ്രീശങ്കരഹാളില്‍ വെച്ചാണ് സ്വികരണം സംഘടിപ്പിക്കപ്പെട്ടത്. ഈ ചടങ്ങില്‍ വെച്ച് ജയേന്ദ്രസരസ്വതി സ്വാമികള്‍ ‘കഥകളിരത്നം’ പുരസ്ക്കാരം സദനം കൃഷ്ണന്‍‌കുട്ടിക്ക് നല്‍കി ആദരിച്ചു. മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സംഗീത നാടക അക്കാദമി ചെയര്‍മ്മാന്‍ സി.രാവുണ്ണി, സി.മോഹന്‍‌ദാസ്, ടി.എസ്സ്. വെങ്കിട്ടരാമന്‍  തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

 ഇരിങ്ങാലക്കുട കാഞ്ചികാമകോടി യജുര്‍വേദ 
പാഠശാലയിലെ വിദ്യാര്‍ദ്ധികളുടെ വേദാലാപനത്തോടെ സമാരംഭിച്ച ചടങ്ങിനെ തുടര്‍ന്ന് സന്ദാനഗോപാലം കഥയിലെ ആദ്യരംഗവും അവതരിപ്പിക്കപ്പെട്ടു. നിശ്ചയിച്ചിരുന്നതിലും 2മണിക്കൂറിലധികം വൈകിയതുകൊണ്ടും, സ്വാമിയുടെ സമയക്കുറവുമൂലവും ആയിരിക്കും കഥകളി വേഗത്തില്‍തന്നെയാണ് അവതരിപ്പിക്കപ്പെട്ടത്. 



സദനം കൃഷ്ണന്‍‌കുട്ടി അര്‍ജ്ജുനനായും കലാമണ്ഡലം പ്രദീപ് ശ്രീകൃഷ്ണനായും അരങ്ങിലെത്തി.



നെടുബുള്ളി രാം‌മോഹനും സദനം ജോതിഷ്‌ബാബുവും ചേര്‍ന്നായിരുന്നു സംഗീതം

മമ്മിയൂര്‍ മഹാരുദ്രയജ്ഞം

ഗുരുവായൂര്‍ മമ്മിയൂര്‍ശിവക്ഷേത്രത്തില്‍ 
2010ഡിസംബര്‍ 28മുതല്‍ 2011ജനുവരി 8വരെ മഹാരുദ്രയജ്ഞം നടന്നു. ഇതിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഇവിടെ സംഘടിക്കപ്പെട്ടിരുന്നു. 29/12/2010ന് വൈകിട്ട് 6:30 മുതല്‍ കഥകളി അവതരിപ്പിക്കപ്പെട്ടു. കലാമണ്ഡലം വിജയകൃഷ്ണപൊതുവാള്‍ നിര്‍മ്മിച്ച പുതിയ കഥയായ ‘ദശമുഖരാവണ‍’നാണ് അവതരിപ്പിക്കപ്പെട്ടത്. 


രാമനോട് പരാജയപ്പെട്ട് നിരായുധനായി 
മടങ്ങേണ്ടിവന്ന രാവണന്‍ ആ ദിവസം രാത്രി കിടക്കുമ്പോള്‍ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുകയും, തന്റെ ജീവിതദശയിലെ വിവിധ സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുകയും, ശിവനെ ഭജിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത് വീണ്ടും യുദ്ധത്തിനു പുറപ്പെട്ട് രാമനെ പോരിനുവിളിക്കുന്നതും ആണ് ദശമുഖരാവണന്റെ കഥാപരമായ ഉള്ളടക്കം. രാവണന്റെ ചിന്തകളിലൂടെ നവരസങ്ങളും അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ഭാവപരമായ പ്രാധാന്യം. ദു:സ്വപ്നങ്ങള്‍ കാണുന്ന ഭാഗത്ത് ഭയാനകവും, തന്റെ തപസ്സും ലോകജയവും ഓര്‍ക്കുന്നിടത്ത് വീരവും, ദേവസ്ത്രീകളെ അപഹരിക്കുന്നതായ ഓര്‍മ്മയില്‍ സൃഗാരവും, കാര്‍ത്യവീര്യാര്‍ജ്ജുനചരിതം ഓര്‍ക്കുന്നിടത്ത് ഹാസ്യവും, ശൂര്‍പ്പണഘയുടെ അവസ്ഥയോര്‍ക്കുന്നിടത്ത് ഭീഭത്സവും, മരണപ്പെട്ട പുത്രന്‍ മേഘനാഥനെ ഓര്‍ക്കുനിടത്ത് കരുണയും, എതിര്‍പക്ഷത്തേയ്ക്ക് കൂറുമാറിയ സ്വന്തം അനുജനായ വിഭീഷണന്റെ പ്രവര്‍ത്തിയോര്‍ക്കുന്നിടത്ത് രൌദ്രവും, മൃതസംജീവനി കൊണ്ടുവന്ന് രാമലക്ഷണന്മാരുടെ ജീവനെ രക്ഷിച്ച വാനരന്റെ പ്രവര്‍ത്തിയോര്‍ക്കുന്നിടത്ത് അത്ഭുതവും, ശിവനെ പ്രാര്‍ത്ഥിക്കുന്നിടത്ത് ശാന്തവും ഭാവങ്ങളായി വരുന്നു. ശിവഭജനത്താല്‍ ആത്മവിശ്വാസം വീണ്ടെടുത്ത രാവണന്‍ ‘പടപ്പുറപ്പാടോ’ടുകൂടി പുറപ്പെട്ടുചെന്ന് രാമനെ പോരിനുവിളിക്കുന്നു. പോരുവിളി പദത്തോടെ അവതരണം പൂര്‍ണ്ണമാകുന്നു. കഥകളിയിലെ മറ്റു രാവണന്മാരുടെ ആട്ടങ്ങളുടെ ഒരു സംയോജനം ആണ് ദശമുഖരാവണന്‍ എന്ന് പറയാം. ആട്ടത്തിനു മാത്രം പ്രാധാന്യമുള്ള ഈ കഥ ഒന്നരമണിക്കൂര്‍ സമയം കൊണ്ടാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. കഥകളിയിലെ ‘പഞ്ചരാവണന്മാ‘രോട് കിടപിടിക്കത്തക്കതാണ് ദശമുഖരാവണന്‍ എന്ന് അവതാരകന്‍ പറഞ്ഞുകേട്ടു. എന്നാല്‍ ഒന്നും ഒന്നരയും മണിക്കൂറുകള്‍ ആട്ടത്തിനുതന്നെ വേണ്ടിവരുന്ന ബാലിവധം, ബാലിവിജയം, കാര്‍ത്ത്യവീരാര്‍ജ്ജുനവിജയം, രാവണോത്ഭവം, തോരണയുദ്ധം എന്നീ കഥകളിലെ രാവണന്മാരുടെയെല്ലാം ആട്ടങ്ങള്‍ ചേര്‍ത്ത് വെറും ഒന്നരമണിക്കൂറില്‍ അവതരിപ്പിക്കുന്ന ദശമുഖരാവണന്‍ ഇവയോട് എങ്ങിനെയാണ് കിടപിടിക്കുന്നത് എന്ന് മനസ്സിലായില്ല. ഈ പറഞ്ഞകഥകളിലൊക്കെ പതിഞ്ഞകാലത്തില്‍ തുടങ്ങി ക്രമമായി കാലമുയര്‍ത്തി വരുന്ന ചിട്ടപ്പെടുത്തിയിട്ടുള്ള ആട്ടക്രമമാണുള്ളത്. ദശമുഖനില്‍ ആദ്യന്തം ഇടക്കാലത്തില്‍ മാത്രമാണ് ആട്ടങ്ങള്‍ പോകുന്നത്. കൂടുതല്‍ സമയമെടുത്തും പതികാലത്തിലും ചിട്ടപ്പെടുത്തി അവതരിപ്പിച്ചാല്‍ ഇത് കൂടുതല്‍ ഭംഗിയാക്കാം. എന്നാല്‍ ഒന്നരമണിക്കൂറില്‍ കൂടുതല്‍ സമയം ആട്ടം മാത്രമായി അവതരിപ്പിക്കപ്പെട്ടാല്‍ വിരസതയുണര്‍ത്തുകയില്ലെ എന്നും ചിന്തിക്കേണ്ട വസ്തുതയാണ്.


കത്തിവേഷങ്ങളുടെയെല്ലാം രംഗപ്രവേശം 
തിരനോട്ടത്തോടെയാണ്. സൃഗാരം അല്ലെങ്കില്‍ വീരം സ്ഥായിയായിട്ടാണ് തിരനോട്ടങ്ങള്‍ പതിവ്. എന്നാല്‍ ദശമുഖന്റെ തിരനോട്ടം ഭയാനകം, കരുണം എന്നീ രസങ്ങളിലാണ്. ഇത് ഒരു പുതുമയാണ്. വീരനായ കഥാനായകനെ ഈ ഭാവങ്ങളില്‍ കഥാരംഭത്തില്‍തന്നെ അവതരിപ്പിക്കപ്പെടുന്നത് അത്ര സുഖമായി തോന്നിയില്ല. തിരനോട്ടശേഷം വീണ്ടും തിരനീക്കുമ്പോള്‍ തന്റെ മണിയറയില്‍ ശയിക്കുന്ന രാവണനെയാണ് കാണുന്നത്. ഇവിടെ മേലാപ്പ് പിടിച്ചിരുന്നു. ഗായകര്‍ ഈ സമയത്ത് കുറിഞ്ഞി രാഗം ആലപിച്ചിരുന്നു. ഇതും ഒരു പുതുമയായി അനുഭവപ്പെട്ടു. രാവണന്‍ ശിവനെ ഭജിക്കുന്ന ഭാഗത്ത് ഗായകര്‍ ‘വിഭും വിശ്വനാധം’ എന്നു തുടങ്ങുന്ന സ്തോത്രം താളമില്ലാതെ ആലപിക്കുന്നതും പുതുമതന്നെ. എന്തെങ്കിലുമൊക്കെ വത്യസ്തതകള്‍ വരുത്തി കേമമാക്കാനുള്ള നിര്‍മ്മാതാവിന്റെ സൂത്രങ്ങളായെ ഇവയൊക്കെ കണക്കാക്കേണ്ടതുള്ളു.

ഇവിടെ രാവണനെ അവതരിപ്പിച്ചത് കലാമണ്ഡലം സോമന്‍ ആയിരുന്നു. 
തരക്കേടില്ലാത്ത പ്രകടനമാണ് സോമന്‍ കാഴ്ച്ചവെച്ചത്. ആട്ടത്തിനനുസ്സരിച്ച് ഏറ്റക്കുറച്ചിലുള്ള ഒരു മേളംകൂടെ ലഭ്യമായിരുന്നെങ്കില്‍ ആട്ടം ഒന്നുകൂടെ പൊലിമയാര്‍ന്നതായേനെ എന്നു തോന്നി.

കലാമണ്ഡലം മോഹനകൃഷ്ണനും കലാമണ്ഡലം
അച്ചുതനും ചേര്‍ന്നായിരുന്നു പാട്ട്. കലാമണ്ഡലം വിജയകൃഷ്ണപ്പൊതുവാളും പുത്രനും ചേര്‍ന്ന് ചെണ്ടയിലും കലാമണ്ഡലം ഹരിനാരായണന്‍ മദ്ദളത്തിലും മേളമുതിര്‍ത്തു. 


പത്മനാഭന്‍ ചുട്ടികുത്തിയിരുന്ന ഈ 
കളിക്ക് മഞ്ചുതര,മാങ്ങോടിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറ കൈകാര്യം ചെയ്തത് അപ്പുണ്ണിതരകന്‍, മോഹനന്‍ തുടങ്ങിയവരായിരുന്നു.

കളിമണ്ഡലം മൂന്നാം വാര്‍ഷികം

തൃപ്രയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കളിമണ്ഡലം 
കഥകളി ആസ്വാദന കൂട്ടായ്മയുടെ മൂന്നാമത് വാര്‍ഷികം വിപുലമായ പരിപാടികളോടെ 25/12/2010ന് ആഘോഷിക്കപ്പെട്ടു. കേരള സംഗീത നാടക അക്കാദമിയുടേയും ജവഹര്‍ലാല്‍ നെഹറു എഡ്യൂക്കേഷന്‍ & ചാരിറ്റബിള്‍ ഫൌണ്ടേഷന്‍, തൃപ്രയാറിന്റേയും സഹകരണത്തോടും കൂടി പി.എസ്സ്.വി.നാട്ട്യസംഘം, കോട്ടക്കലുമായും നടനകൈരളി, ഇരിങ്ങാലക്കുടയുമായും ചേര്‍ന്ന് അവതരിപ്പിക്കപ്പെട്ട വാര്‍ഷികപരിപാടികള്‍ തൃപ്രയാര്‍ പ്രിയദര്‍ശ്ശിനി ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടത്തപ്പെട്ടത്.
ഉച്ചയ്ക്ക് 1:30മുതല്‍ കലാസ്വാദന കളരി ആരംഭിച്ചു. 
ഇതില്‍ സ്ക്കൂള്‍വിദ്യാര്‍ദ്ധികള്‍ ഉള്‍പ്പെടെ വളരെപ്പേര്‍ പങ്കെടുത്തിരുന്നു.









നടനകൈരളിയുടെ ഡയറക്ടര്‍ വേണുജി 
കൂടിയാട്ടം സോദാഹരണം പ്രഭാഷണം നടത്തി. സൂരജ് നമ്പ്യാര്‍, കലാമണ്ഡലം ഹരിഹരന്‍, കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍, കലാനിലയം ഉണ്ണികൃഷ്ണന്‍ എന്നിവരും ഇതില്‍ പങ്കുകൊണ്ടു.
സൂരജ്ജ് നമ്പ്യാര്‍ ‘കൈലാസോദ്ധാരണം’ ആടുന്നു
തുടര്‍ന്ന് പുല്ലാനിക്കാട് നാരായണന്‍ 
കഥകളി സോദാഹരണ പ്രഭാഷണം നടത്തി. കോട്ടക്കല്‍ ഹരികുമാര്‍, കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍, കോട്ടക്കല്‍ വെങ്ങേരി നാരായണന്‍ നമ്പൂതിരി, കോട്ടക്കല്‍ സന്തോഷ്, കോട്ടക്കല്‍ വിജയരാഘവന്‍, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഇതില്‍ പങ്കെടുത്ത കലാകാരന്മാര്‍.




വൈകിട്ട് 5:30മുതല്‍ നടനകൈരളി, ഇരിങ്ങാലക്കുട 
കൂടിയാട്ടം അവതരിപ്പിച്ചു. കാളിദാസ കവിയുടെ വിശ്വവിഖ്യാത കൃതിയായ അഭിജ്ഞാനശാകുന്തളത്തിന്റെ കൂടിയാട്ട ആവിഷ്ക്കാരത്തിലെ അഞ്ചും ആറും അംഗങ്ങളിലെ ചിലഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. സംവിധാനം ചെയ്ത് അവതരിപ്പിച്ചത് വേണുജി ആയിരുന്നു.

ദുഷ്യന്തമഹാരാജാവ്(സൂരജ്ജ് നമ്പ്യാര്‍) രാജസഭയില്‍


ഗര്‍ഭിണിയായ ശകുന്തള ശാര്‍ങ്ഗരവനൊപ്പം 
ദുഷ്യന്തമഹാരാജാവിന്റെ സഭയിലേയ്ക്ക് എത്തുന്ന രംഗമാണ് ആദ്യമായി അവതരിപ്പിച്ചത്. ശകുന്തളയെ സ്വീകരിക്കണം എന്ന് ശാര്‍ങ്ഗരവന്‍ രാജാവിനോട് ആവശ്യപ്പെടുന്നു. കാനനത്തില്‍ നായാട്ടിനുപോയ അവസരത്തില്‍ കണ്വാശ്രമത്തില്‍ വെച്ച് ശകുന്തളയെ കണ്ടതും പരസ്പരം അനുരാഗബദ്ധരായി ഗാന്ധര്‍വ്വവിധിപ്രകാരം വിവാഹം ചെയ്തതുമായ സംഭവങ്ങള്‍ മുനിശാപാല്‍ വിസ്മരിക്കപ്പെട്ട ദുഷ്യന്തന്‍ ക്ഷുഭിതനായി, താന്‍ ഈ സ്ത്രീയെ വിവാഹം കഴിച്ചിട്ടില്ലെന്ന് പറയുന്നു. ശകുന്തള മുഖം മറച്ചിരുന്ന മൂടുപടം മാറ്റിയിട്ടും ദുഷ്യന്തമഹാരാജാവ് അവളെ തിരിച്ചറിയുന്നില്ല. പ്രഭാതത്തിലെ മഞ്ഞുതുള്ളി നിറഞ്ഞ പുഷ്പത്തെ വണ്ടത്താനെന്നപോലെ തള്ളുവാനും കൊള്ളുവാനും കഴിയാതെ രാജാവ് വലഞ്ഞു. ഈ രംഗത്തിലെ അഭിനയപ്രധാനമായ ഈ ആട്ടം ദുഷ്യന്തനായി അഭിനയിച്ച സൂരജ് നമ്പ്യാര്‍ അതിമനോഹരമായി ചെയ്തു. ഒരു കൈയ്യില്‍ വണ്ടിന്റേയും മറുകൈയ്യില്‍ പൂവിന്റേയും മുദ്രകള്‍ പിടിച്ച്, കാമുകനായ വണ്ടിന്റേയും കാമുകിയായ പൂവിന്റേയും ഭാവങ്ങള്‍ മാറി മാറി പകര്‍ന്നാടിക്കൊണ്ട് ഈ ആട്ടം ഇദ്ദേഹം അനുഭവവേദ്യമാക്കി.
ശാര്‍ങ്ഗരവന്‍-അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, ദുഷ്യന്തന്‍-സൂരജ്ജ് നമ്പ്യാര്‍
ശാര്‍ങ്ഗരവനായി അരങ്ങിലെത്തിയത് അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ ആയിരുന്നു.
 വിവാഹത്തിന്റെ ഏകതെളിവായി തന്റെ 
പക്കലുണ്ടായിരുന്ന മുദ്രമോതിരവും നഷ്ടമായി എന്ന് മനസ്സിലാക്കിയ ശകുന്തള രാജാവിന്റെ പരിഹാസവാക്കുകള്‍ കേട്ട് ക്ഷുഭിതയാവുന്നു. വഞ്ചിക്കപ്പെട്ട സ്ത്രീയുടെ മുഴുവന്‍ രോഷവും വെറുപ്പും മനസ്സില്‍ ജ്വലിച്ചുയരുന്നതോടെ ശകുന്തള, രാജാവിനെ ‘അനാര്യ’ എന്ന് സംഭോധനചെയ്തിട്ട്, ‘ഞങ്ങളും അങ്ങയെപ്പോലെയാണന്ന് അങ്ങ് വിചാരിക്കുന്നു. പുല്ലുമൂടിയ കിണറുപോലെ ധര്‍മ്മത്തിന്റെ പുറംചട്ട മാത്രം ധരിച്ചിരിക്കുന്ന അങ്ങയേപ്പോലെ മറ്റാരും പ്രവര്‍ത്തിക്കുകയില്ല’ എന്ന് പ്രസ്ഥാപിക്കുന്നു. 
ദുഷ്യന്തന്‍-സൂരജ്ജ് നമ്പ്യാര്‍, ശകുന്തള-കുമാരി കപില
രാജാവിനാലും കൂടെവന്നവരാലും ഉപേക്ഷിക്കപ്പെടുന്ന 
ശകുന്തള, തനിക്ക് അഭയം തരേണമേ എന്ന് ഭൂമീദേവിയെ വിളിച്ച് അപേക്ഷിക്കുന്നു. ഈ സമയത്ത് സ്ത്രീരൂപത്തില്‍ വരുന്ന ഒരു തേജസ്സ് ശകുന്തളയേയും കൊണ്ട് മറയുന്നതോടെ ഈ രംഗം അവസാനിക്കുന്നു. കുമാരി കപില ശകുന്തളയെ ഭംഗിയായി അരംങ്ങിലവതരിപ്പിച്ചു.

രാജനാമാങ്കിതമായ മുദ്രമോതിരം മോഷ്ടിച്ചു 
എന്ന് ആരോപിച്ച് ഒരു മുക്കുവനെ ശിപായി പിടിച്ചുകൊണ്ടുവന്ന് സ്വാലന്റെ സമക്ഷം ഹാജരാക്കുന്നതാണ് തുടര്‍ന്ന് അവതരിപ്പിച്ച രംഗം. ശിപായിയായി അമ്മന്നൂര്‍ രജനീഷ് ചാക്യാരും സ്വാലനായി പൊതിയില്‍ രഞ്ജിത്ത് ചാക്യാരും വേഷമിട്ടു. വേണുജീയാണ് മുക്കുവനായി അരങ്ങിലെത്തിയത്.
സ്വാലന്‍-പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍, മുക്കുവന്‍-വേണുജി, ശിപായി-അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍
താന്‍ മോഷ്ടാവല്ല എന്നും, ശക്രാവതാരത്തിലുള്ള 
മുക്കുവനാണെന്നും അറിയിക്കുന്ന മുക്കുവന്‍ തുടര്‍ന്ന് താന്‍ കടലില്‍ പോയതും രോഹിതമത്സ്യത്തെ പിടിച്ചതും അതിന്റെ വയറ്റിനുള്ളില്‍ നിന്നും മോതിരം ലഭിച്ചതുമായ കഥ നഗരപാലകരെ അറിയിക്കുന്നു. മുക്കുവന്‍ പകര്‍ന്നാട്ടമായി അവതരിപ്പിക്കുന്ന ഈ ഭാഗമാണ് ഈ രംഗത്തില്‍ പ്രാധാന്യമര്‍ഹ്ഹിക്കുന്നത്. വേണുജി മനോഹരമായിതന്നെ ഈ ഭാഗം ഇവിടെ അവതരിപ്പിച്ചു.

മോതിരം രാജാവിനെ കാട്ടി മടങ്ങിയെത്തുന്ന 
നഗരപാലകന്‍ മുക്കുവനെ വെറുതെ വിടുകയും രാജാവുനല്‍കിയ സമ്മാനത്തുക മുക്കുവനു നല്‍കുകയും ചെയ്യുന്നു. സമ്മാനത്തുകയുടെ ഒരുഭാഗം നഗരപാലകര്‍ നിര്‍ബന്ധപൂര്‍വ്വം കൈക്കലാക്കുന്ന ചെറിയ അട്ടത്തോടെ ഈ രംഗവും സമ്പൂര്‍ണ്ണമായി.

കലാമണ്ഡലം രാജീവ്, കലാ:ഹരിഹരന്‍, 
കലാ: നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ മിഴാവും കലാനി:ഉണ്ണികൃഷ്ണന്‍ ഇടയ്ക്കയും വായിച്ചു. അഭിനേതാക്കളുടെ കൈക്കും കണ്ണിനും കൂടിക്കൊണ്ടും വിവിധഭാവങ്ങള്‍ക്കനുശൃതമായി ശബ്ദമാറ്റങ്ങളോടെയുമുള്ള ഇവരുടെ മേളം അരങ്ങുകൊഴുപ്പിച്ചു. കുഴിത്താളം കൊട്ടിയിരുന്നത് നിര്‍മ്മല പണിക്കര്‍ ആയിരുന്നു. ചമയങ്ങള്‍ കലാനിലയം ഹരിദാസ് കൈകാര്യം ചെയ്തു.

തുടര്‍ന്ന് കളിമണ്ഡലം ചെയര്‍മ്മാന്‍ 
സദാനന്ദന്‍ ഏങ്ങൂരിന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം നടന്നു. കളിമണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ പി.ജെ.പുരുഷോത്തമന്‍ സ്വാഗതമാശംസിച്ച യോഗത്തില്‍ കേരളസംഗീത നാടക അക്കാദമി വൈസ്സ്ചെയര്‍മ്മാന്‍ ഡോ:കെ.എം.രാഘവന്‍ നമ്പ്യാര്‍, ഡോ:വെള്ളിനേഴി അച്ചുതന്‍‌കുട്ടി, ദിനേശ് രാജ എന്നിവര്‍ പങ്കെടുത്തു. കളിമണ്ഡലത്തിന്റെ ഇത്തവണത്തെ പുരസ്ക്കാരം ഈ പൊതുയോഗത്തില്‍ വെച്ച് സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്നു എങ്കിലും, ചികിത്സയില്‍ കഴിയുന്ന പുരസ്ക്കാരജേതാവായ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി യോഗത്തില്‍ എത്തിയിരുന്നില്ല.
യോഗത്തെ തുടര്‍ന്ന് കോട്ടക്കല്‍ 
പി.എസ്സ്.വി.നാട്ട്യസംഘം നളചരിതം ഒന്നാംദിവസം കഥകളിയും അവതരിപ്പിച്ചു.